തെരഞ്ഞെടുപ്പ് തിരയിൽ വൈപ്പിൻ
text_fieldsകൊച്ചി: ഹാർബറുകൾക്കും മത്സ്യവിപണന കേന്ദ്രങ്ങൾക്കുമൊപ്പം തെരഞ്ഞെടുപ്പ് ചർച്ചകളും വൈപ്പിനിൽ പുലർച്ച തന്നെ സജീവമാണ്. പിടക്കുന്ന മീനുകളിലേത് പോലെ നിഷ്കളങ്കമായ അഭിപ്രായങ്ങളിലും വിഷം ചേർക്കാത്ത ഇവിടത്തുകാർക്ക് പറയാനേറെയുണ്ട്.
കൊച്ചി നഗരത്തിൽനിന്ന് അകന്ന് വല്ലാർപാടവും ഗോശ്രീ പാലവും കടന്ന് വൈപ്പിൻ ഹാർബറിന് സമീപം എത്തുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണെൻറയും യു.ഡി.എഫിെൻറ ദീപക് ജോയിയുടെയും പോസ്റ്ററുകൾ സ്വാഗതമരുളുന്നു.
തലങ്ങും വിലങ്ങും പായുന്ന പ്രചാരണ വാഹനങ്ങൾ ഓഖിയും പ്രളയവും കോവിഡും കടന്ന് മുേന്നാട്ടുപോകുമ്പോൾ കഴിഞ്ഞകാലത്തെക്കുറിച്ചും വരാനിരിക്കുന്ന നാളുകളെക്കുറിച്ചും അവർക്ക് പറയാനേറെയുണ്ട്. വൈപ്പിനിലെ മനസ്സറിഞ്ഞ് 'വോട്ടേഴ്സ് ടോക്' മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയാണ്.
'ഈ രാഷ്ട്രീയക്കാർ എന്തൊക്കെയാണ് കാണിക്കുന്നത്'
വൈപ്പിനിലെ ചീനവലകൾക്ക് സമീപം ഇരുന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയാണ് മത്സ്യത്തൊഴിലാളികളായ മാധവനും ലീനസും സുഹൃത്തുക്കളും. കോൺഗ്രസിെൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബി.ജെ.പിയുടെയും പ്രചാരണം ഒരുപോലെ കൊഴുക്കുന്നുണ്ടെന്നാണ് പണിക്കരുപടി സ്വദേശി മാധവെൻറ അഭിപ്രായം.
ഓരോ സർക്കാറും ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നത് ശരിയാണ്, അതിെൻറ കൂടെ തട്ടിപ്പും നടത്തുന്നുണ്ട്. അരിയും കിറ്റുമൊക്കെ കിട്ടുമ്പോൾ മറുഭാഗത്ത് പെട്രോളിനും ഗ്യാസിനുമൊക്കെ വില കൂടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് ചോദിക്കുേമ്പാൾ സ്ഥാനാർഥികൾക്ക് ഭയങ്കര സ്നേഹമാണ്, പിന്നെ കാണുമ്പോൾ ശ്രദ്ധിക്കില്ലെന്ന് അതിനിടെ ലീനസിെൻറ വിമർശനം. കള്ളവോട്ട് ചെയ്യാൻ കൃത്രിമംനടത്തിയെന്ന് കാണുന്നുണ്ടല്ലോ, ഈ പാർട്ടിക്കാർ എന്തൊക്കെയാണ് കാണിക്കുന്നതെന്നായി അടുത്ത വിമർശനം.
ഇരട്ടക്കാള ചിഹ്നത്തിൽ വോട്ട് ചെയ്ത കാലം ഞാനോർക്കുന്നുണ്ട്, ഇപ്പോൾ പുതിയ ചില ചിഹ്നങ്ങൾ കാണുന്നുണ്ട്. കന്നാരച്ചക്കയാണ്(പൈനാപ്പിൾ) അതിലൊന്ന്. വീടുവെച്ച് കൊടുക്കുമെന്നൊക്കെയാണ് അവർ പറയുന്നത്. ഇതൊക്കെ ഏത് പൈസയെടുത്താണ് ചെയ്യുന്നതെന്ന് നോക്കേണ്ടതല്ലേയെന്ന് ട്വൻറി20യെ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിക്കുന്നു.
രുചിവൈവിധ്യത്തിനൊപ്പം അൽപം നാട്ടുവർത്തമാനവും
അക്വാഫാമിലെ ഭക്ഷണശാലയിൽ തിരക്കിലാണ് ലതികയും കൂട്ടരും. പ്രദേശത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് വരുന്ന അതിഥികൾക്ക് രുചികരമായ ഭക്ഷണം തയാറാക്കുന്നത് ഈ വനിതകളാണ്. പാചകത്തിനിടെ ചൂടേറിയ തെരഞ്ഞെടുപ്പ് ചർച്ചക്ക് അൽപസമയം നീക്കിവെച്ച് സംസാരിക്കുമ്പോൾ അവർക്ക് പറയാനുള്ളത് സിറ്റിങ് എം.എൽ.എയെയും പുതിയ സ്ഥാനാർഥികളെയും കുറിച്ചാണ്.
'ശർമ സാറാണ് മത്സരിക്കുന്നതെങ്കിൽ എൽ.ഡി.എഫ് തന്നെ ജയിക്കുമെന്ന് ഉറപ്പിക്കാമായിരുന്നു, പക്ഷെ ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്'- ലതികയുടെ നിരീക്ഷണം ഇങ്ങനെയാണ്. ഇത് ശരിവെച്ച് തങ്കമണിയും സുധയും ചർച്ചയിൽ പങ്കാളികളായി.
പോരാട്ടച്ചൂടിൽ പുതുവൈപ്പ്
നിലനിൽപ്പിനായുള്ള സമരത്തിനിറങ്ങിയ പുതുവൈപ്പ് ഇപ്പോഴും പോരാട്ടച്ചൂടിലാണ്. പൊലീസ് ബാരിക്കേഡുകൾ നിരത്തിയ വഴിയിലൂടെ പൊള്ളുന്ന വെയിലിൽ ഇടക്കിടെ ആളുകളും വാഹനങ്ങളും കടന്നുപോകുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സമ്മർദമുണ്ടാക്കുന്ന രീതിയിൽ ഇന്നുവരെ സമരസമിതി പ്രവർത്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന അവർ, സ്ഥാനാർഥികളോട് പുതുവൈപ്പ് വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെടുമെന്നും പറയുന്നു. വീണ്ടും സമരം തുടങ്ങാനാണ് തങ്ങൾ ആലോചിക്കുന്നതെന്ന് പുതുവൈപ്പ് എൽ.എൻ.ജി വിരുദ്ധസമര സമിതി കൺവീനർ കെ.എസ്. മുരളി പറഞ്ഞു. പ്രോജക്ട് സൈറ്റിൽനിന്ന് 30 മീറ്റർ അകലത്തിലാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്.
ഇവിടെയൊരു ചോർച്ചയുണ്ടായാൽ എങ്ങനെ സുരക്ഷയൊരുക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി തലവനായ മുഖ്യമന്ത്രി പറയണം. കിഫ്ബി ഏറ്റെടുത്ത അമ്പലമേട്ടിലെ 50 ഏക്കർ സ്ഥലത്തേക്ക് നിർമാണം മാറ്റണമെന്നാണ് തങ്ങളുടെ ബദൽ നിർദേശമെന്നും അവർ പറഞ്ഞു.
കണക്കുകൾ ചികഞ്ഞ്, കാര്യങ്ങൾ വിലയിരുത്തി
വെളിയത്താംപറമ്പിലെ മത്സ്യത്തൊഴിലാളി സഹായ സംഘം ഓഫിസിൽ ഇരുന്ന് കണക്കുകൾ പരിശോധിക്കുകയാണ് ഭാരവാഹികൾ. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ള പ്രദേശത്തെ സുഹൃത്തുക്കളാണ് എല്ലാവരും. കടലോര മേഖലകളിൽ കഴിഞ്ഞകാലങ്ങളിലെല്ലാം യു.ഡി.എഫിനായിരുന്നു പ്രാമുഖ്യമെന്നാണ് കേശവെൻറ വാദം.
തീരദേശ റോഡിന് 21 കോടി പാസാക്കിയിരുന്നെങ്കിലും ഒരു പണിയും ആരംഭിച്ചിട്ടില്ലെന്ന് കേശവനൊപ്പം വേണുവും അഭിപ്രായപ്പെടുന്നു. എസ്. ശർമ ഫിഷറീസ് മന്ത്രിയായിരുന്നപ്പോഴാണ് തീരദേശ റോഡിന് ഫണ്ട് പാസാക്കിയതെന്നും നിയമതടസ്സങ്ങൾ വന്നതുകൊണ്ടാണ് ജോലി മുടങ്ങിയതെന്നും മോഹനൻ തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.