Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:28 AM IST Updated On
date_range 23 May 2022 5:28 AM ISTവിസ്മയ കേസ്; വിധിക്ക് കാതോർത്ത് നാട്
text_fieldsbookmark_border
കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ വിധി എന്താകുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്. നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടതുൾപ്പെടെ പീഡനങ്ങൾ സഹിക്കാനാകാതെ ഭർതൃഗൃഹത്തിൽ ബി.എ.എം.എസ് വിദ്യാർഥിയായിരുന്ന വിസ്മയ മരിച്ചത് വലിയ ചർച്ചയായിരുന്നു. മോട്ടോർ വാഹനവകുപ്പ് അസി. വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറാണ് പ്രതി. പൊലീസ് അന്വേഷണം തുടങ്ങിയ മുറക്ക് സസ്പെൻഷനിലായ കിരണിനെ പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിട്ടു. സ്ത്രീധനം ഉൾപ്പെടെയുള്ളവയിൽ നിരന്തരം വിസ്മയ അനുഭവിച്ച പീഡനങ്ങളുടെ തെളിവുകൾ ഫോൺ സന്ദേശത്തിലൂടെയും ശബ്ദരേഖയിലൂടെയും പുറത്തുവന്നിരുന്നു. പഴുതടച്ച വാദമാണ് കോടതിയിൽ നടന്നത്. വിവാഹ മാർക്കറ്റിൽ തനിക്ക് വൻ വിലയാണെന്ന ധാരണയിലായിരുന്നു സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാറെന്ന് ഫോണിൽനിന്ന് വീണ്ടെടുത്ത നേരത്തെ റെക്കാഡ് ചെയ്ത സംഭാഷണം കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. വിവാഹത്തിന് മുമ്പുതന്നെ പ്രത്യേക കളറുള്ള വാഗണർ കാർ ആവശ്യപ്പെട്ടിരുന്നതായി കിരണിൻെറ ഫോൺ സംഭാഷണമുണ്ട്. വിസ്മയയുടെ ബാല്യകാലസുഹൃത്ത് വിദ്യയുടെയും വിസ്മയയുടെ മാതാവിൻെറ ഫോണുകളിൽനിന്നും ലഭിച്ച സംഭാഷണങ്ങളിലും സ്ത്രീധനം ആവശ്യപ്പെട്ടുള്ള കിരൺകുമാറിൻെറ നിരന്തര പീഡനത്തെക്കുറിച്ചും ശാരീരിക ഉപദ്രവങ്ങളെക്കുറിച്ചും പറയുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കാൻ പറ്റില്ലെന്നാണ് പ്രതിഭാഗത്തിൻെറ പ്രധാന വാദം. കാർ സ്ത്രീധനമല്ല വിവാഹ സമ്മാനമായിരുന്നുവെന്നും വിസ്മയയുടെ ഫോൺ സംഭാഷണങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്നും വാദിച്ചു. സംഭവദിവസം രാത്രി വിസ്മയക്ക് ആർത്തവം സംഭവിച്ചു. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന വിഷമത്തിലായിരുന്നു ആത്മഹത്യയെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ആത്മഹത്യ ചെയ്ത ദിവസം വിസ്മയക്ക് ആർത്തവം സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലം. മരണം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുംമുമ്പേ വിചാരണ നടപടികൾ മുഴുവൻ പൂർത്തിയാക്കി വിധി പ്രസ്താവന ഉണ്ടാകുന്നുവെന്ന അപൂർവത കൂടി കേസിനുണ്ട്. വിസ്മയ കേസ്: നാൾ വഴി 2019 മേയ് 31: ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹനവകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺകുമാറുമായുള്ള വിവാഹം 2020 ആഗസ്റ്റ് 29: ചിറ്റുമലയിൽ റോഡിൽ വെച്ച് കിരൺകുമാറും വിസ്മയയും തമ്മൽ സ്ത്രീധന തർക്കം 2021 ജൂൺ 21: വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 2021 ജൂൺ 22: വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം 2021 ജൂൺ 22: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺകുമാറിൻെറ അറസ്റ്റ് രേഖപ്പെടുത്തി 2021 ആഗസ്റ്റ് 06: കിരൺകുമാറിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു 2021 സെപ്റ്റംബർ 10: ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു 2022 ജനുവരി 10: കേസിൻെറ വിചാരണ തുടങ്ങി 2022 മേയ് 18: കേസിൽ വാദം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story