Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:37 AM IST Updated On
date_range 17 Jun 2022 5:37 AM ISTപോരുവഴി സര്‍ക്കാര്‍ സ്‌കൂളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേെര പൊലീസ് ലാത്തിച്ചാര്‍ജ്; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
text_fieldsbookmark_border
ശാസ്താംകോട്ട: സ്‌കൂളില്‍ യൂനിഫോമിന് അളവെടുക്കാന്‍ വന്ന തയ്യല്‍ക്കാരന്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവം അധ്യപകര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നടത്തിയ പ്രകടനത്തിന് നേരേ പൊലീസ് ലാത്തിച്ചാര്‍ജ്. മൂന്ന്കുട്ടികള്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് കുട്ടികള്‍ പ്രതിഷേധവുമായെത്തിയത്. കുട്ടികളുടെ പ്രകടനത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശൂരനാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്‌കൂളിലെത്തുകയും ചെയ്തു. ശൂരനാട് എസ്.ഐയും സംഘവും പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയില്‍ എ.ആര്‍ ക്യാമ്പില്‍ നിന്നെത്തിയ പൊലീസുകാര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മര്‍ദനദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികളുടെ ഫോണുകള്‍ ബലമായി പൊലീസ് പിടിച്ചെടുത്തു. സ്‌കൂള്‍ വളപ്പില്‍ കടന്ന് 17 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ പ്രശ്‌നത്തിലിടപെടുകയും ശാസ്താംകോട്ട സി.ഐ അനൂപിനോട് കാര്യങ്ങള്‍ അന്വേഷിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സി.ഐ അനൂപ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍, ബാലാവകാശ കമീഷന്‍, എസ്.പി, ഡിവൈ.എസ്.പി എന്നിവര്‍ക്ക് വിദ്യാര്‍ഥിസംഘടനകള്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വിദ്യാഭ്യാസമന്ത്രിക്കും പ്രത്യേകം പരാതിയും നല്‍കി. കഴിഞ്ഞദിവസമാണ് പ്ലസ് ടു വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് യൂനിഫോം അളവെടുക്കാനെത്തിയ തയ്യല്‍ക്കാരനായ ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയേല്‍ (41) കുട്ടികളോട് അപമര്യാദയായി പെരുമാറിയത്. വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ നിലവില്‍ റിമാൻഡിലാണ്. അതിനിടെ തയ്യല്‍ക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന വിവരം പെണ്‍കുട്ടികള്‍ അധ്യാപികമാരെ അറിയിച്ചിട്ടും സംഭവം മൂടിെവക്കാന്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വരുംദിവസങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുടേതുള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നുവരാന്‍സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story