Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 11:59 PM GMT Updated On
date_range 19 Dec 2021 11:59 PM GMTപശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കിഴക്കന്‍ മേഖല ആശങ്കയിൽ
text_fieldsbookmark_border
കുളത്തൂപ്പുഴ: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍നിന്ന് ജനവാസമേഖലകള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാറിൻെറ ആവശ്യം കേന്ദ്രം തള്ളിയെന്ന വാര്‍ത്ത എത്തിയതോടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ ആശങ്കയിൽ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ നിര്‍ദേശമനുസരിച്ച് വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്ന ജനവാസ മേഖലകളടക്കം പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുമെന്നിരിക്കെ ഇവയില്‍നിന്ന് കിഴക്കന്‍ മേഖലയിലെ ജനവാസമേഖലകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത്. അതോടെയാണ് ജില്ലയിലെ വന്യജീവി സങ്കേതമായ ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികള്‍ ആശങ്കയിലായത്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പത്ത് കിലോമീറ്റര്‍ ബഫര്‍ സോണായി സംരക്ഷിക്കണമെന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ നിര്‍ദേശം. എന്നാല്‍, ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്ന് ജനവാസമേഖലകള്‍ കൂടുതലുള്ള കേരളത്തിലിത് ഒരു കിലോമീറ്റർ വരെയായി ചുരുക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്. നിലവില്‍ ശെന്തുരുണി വന്യജീവി സങ്കേതത്തിൻെറ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ആകാശദൂരം അടയാളപ്പെടുത്തുകയാണെങ്കില്‍ തന്നെ കുളത്തൂപ്പുഴ ടൗണ്‍ അടക്കം ഗ്രാമപഞ്ചായത്തിൻെറ ജനവാസമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണ്‍ പരിധിയിലുള്‍പ്പെടുകയും ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. പഞ്ചായത്ത് പ്രദേശങ്ങളായ റോസ്മല, കട്ടിളപ്പാറ, വില്ലുമല, അമ്പതേക്കര്‍, ഡീസൻെറുമുക്ക്, കുളമ്പി, വട്ടക്കരിക്കം, പെരുവഴിക്കാല, രണ്ടാംമൈല്‍, ഡാലിക്കരിക്കം, ഡാലി, ആമക്കുളം, നെടുവന്നൂര്‍ക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന വനമേഖലയിലാണുള്ളത്. പ്രദേശം ബഫര്‍സോണായി പ്രഖ്യാപിച്ചാൽ നിർമാണപ്രവര്‍ത്തനങ്ങൾ സാധ്യമാവില്ല. നിലവില്‍ ജനവാസമേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശം നോണ്‍കോര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ അനുവദിക്കുമെന്ന നിര്‍ദേശമാണ് കേന്ദ്ര വനം മന്ത്രാലയത്തിൻെറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറയുമ്പോഴും ഇളവുകള്‍ പ്രദേശവാസികളുടെ ജീവിതത്തെയും വരുംകാല നിർമാണ പ്രവര്‍ത്തനങ്ങളെയും ഏതുതരത്തില്‍ ബാധിക്കുമെന്ന വ്യക്തത ഇനിയും ഉണ്ടായിട്ടില്ല. സാധാരണക്കാരുടെ സമ്പത്തിനെയും ജീവിതത്തെയും ബാധിക്കാത്ത തരത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തയാറാകണമെന്ന് കേരള ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് റോയി ഉമ്മന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story