Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅണ്‍-റിസർവ്​ഡ്...

അണ്‍-റിസർവ്​ഡ് കോച്ചുകള്‍ മേയ് നാലിന്​ പുനഃസ്ഥാപിക്കും

text_fields
bookmark_border
കൊല്ലം: ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ സർവിസ് നടത്തുന്ന, കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ കോവിഡിന് മുമ്പുള്ള അണ്‍-റിസർവ്​ഡ് കോച്ചുകള്‍ മേയ് നാലിന്​ പുനഃസ്ഥാപിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ദക്ഷിണ റെയില്‍വേയുടെ പരിധിക്ക്​ പുറത്ത് കോവിഡിന് മുമ്പുള്ള അണ്‍-റിസർവ്​ഡ് കോച്ചുകള്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ജൂണ്‍ 30 ഓടുകൂടി എല്ലാ ട്രെയിനുകളിലേയും അണ്‍-റിസർവ്​ഡ് കോച്ചുകളുടെ സൗകര്യം കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക്​ പുനഃസ്ഥാപിക്കും. അണ്‍-റിസർവ്​ഡ് കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചു. മറ്റ് ട്രെയിനുകള്‍ അണ്‍-റിസർവ്​ഡ് കോച്ചുകള്‍ അനുവദിക്കുന്ന മുറയ്ക്ക് സീസണ്‍ ടിക്കറ്റ് സൗകര്യവും പുനഃസ്ഥാപിക്കും. ട്രെയിനുകളിലെ എല്ലാ കോച്ചുകളും റിസർവ്​ഡ്​ കോച്ചുകളാക്കി മാറ്റിയതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് അൺ റിസർവ്​ഡ് കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബി.ജി. മല്ല്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം സംബന്ധിച്ച് ഉറപ്പുനൽകിയതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. വേളാങ്കണ്ണി, ധൻബാദ്​ സ്‌പെഷൽ ട്രെയിനുകൾക്ക്​ അനുമതിയായി കൊല്ലം: എറണാകുളത്തുനിന്ന്​ കോട്ടയം- കൊല്ലം- ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുള്ള സ്‌പെഷൽ ട്രെയിനും എറണാകുളത്തുനിന്ന് ധൻബാദിലേക്കുള്ള സ്പെഷൽ ട്രെയിനും റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഈ ട്രെയിനുകൾ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട്​ സതേൺ റെയിൽവേ ജനറൽ മാനേജരുമായി എം.പി ചർച്ച നടത്തിയിരുന്നു. കൊല്ലത്തുനിന്ന് നാഗൂറിന്​ പകരം എറണാകുളത്തുനിന്ന് കോട്ടയം -കൊല്ലം- ചെങ്കോട്ടവഴി വേളാങ്കണ്ണിക്ക് സ്‌പെഷൽ ട്രെയിനായാണ് ഈ സർവിസ് ആരംഭിക്കുന്നത്. നാഗൂർമുതൽ വേളാങ്കണ്ണിവരെയുള്ള സെക്​ഷന്‍റെ നിർമാണജോലികൾ നടക്കുന്നതിനാലാണ് ഈ ട്രെയിൻ തൽക്കാലം നാഗൂർവരെ ഓടുന്നത്. എറണാകുളത്തുനിന്ന് മേയ് അവസാനവാരം വേളാങ്കണ്ണി ട്രെയിൻ ആരംഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. അതിനു മുമ്പ്​ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കും. ആറ് മാസത്തിനുള്ളിൽ ഈ സ്പെഷൽ ട്രെയിനുകൾ റെഗുലർ ട്രെയിൻ സർവിസ് ആയി മാറ്റും. കോട്ടയം- കൊല്ലം പാസഞ്ചർ ട്രെയിനും പുനലൂർ- കൊല്ലം പാസഞ്ചർ ട്രെയിനും തുടങ്ങുന്നതിനുവേണ്ടി നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് പാസഞ്ചർ ട്രെയിനുകൾക്കുള്ള അനുമതി എത്രയും വേഗം റെയിൽവേ ബോർഡിൽനിന്ന് നേടിയെടുക്കുവാൻ സമ്മർദം ചെലുത്തുമെന്നും എം.പി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story