Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:00 AM GMT Updated On
date_range 6 May 2022 12:00 AM GMTകുളക്കടയിൽ സി.കെ. ചന്ദ്രപ്പൻ പഠന ഗവേഷണ കേന്ദ്രമൊരുങ്ങുന്നു
text_fieldsbookmark_border
കൊട്ടാരക്കര: സി.കെ. ചന്ദ്രപ്പന്‍റെ പേരിൽ കൊട്ടാരക്കര കുളക്കടയിൽ സി.പി.ഐ പഠന ഗവേഷണ കേന്ദ്രമൊരുക്കുന്നു. സി.പി.ഐ സംസ്ഥാന കൗൺസിലിന്‍റെ ചുമതലയിൽ നിർമിക്കുന്ന കേന്ദ്രം നിർമാണം പൂർത്തിയാക്കി ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. കല്ലടയാറിന്‍റെ തീരത്തായി ഒരേക്കർ ഭൂമിയിലാണ് മൂന്ന് നിലയുള്ള കെട്ടിടം പൂർത്തിയാകുന്നത്. മൂന്ന് നിലകളുടെ കോൺക്രീറ്റ് കഴിഞ്ഞ് ഭിത്തി കെട്ടുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. 17,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഇതിനായി പത്ത് കോടി രൂപയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ചെലവിടുന്നത്. 2019ൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ വേണ്ടുന്ന തുക കണ്ടെത്താനാകാതെ നിർമാണം മുടങ്ങിയിരുന്നു. ഇപ്പോൾ നിർമാണ ജോലികൾ വീണ്ടും തുടങ്ങി. അഞ്ച് കോടി രൂപ ഇതിനകം ചെലവിട്ടു. പത്ത് കോടി രൂപയിലധികം ആകെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സി.പി.ഐക്ക് ആദ്യമായിട്ടാണ് ഇത്തരത്തിൽ വിപുലമായ പഠന ഗവേഷണ കേന്ദ്രമൊരുങ്ങുന്നത്. 200 പേർക്ക് താമസിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഇതുകൂടാതെ 10 കിടപ്പുമുറികളുമുണ്ടാകും. അടുക്കളയും ഭക്ഷണ മുറിയുമൊരുക്കുന്നുണ്ട്. മുന്നൂറ് പേർക്ക് യോഗം ചേരാവുന്ന ഹാളും ഒപ്പം നൂറിൽ താഴെ പേർക്ക് യോഗം ചേരാവുന്ന ഹാളുമുണ്ടാകും. 500 പേർക്ക് ഇരിക്കാവുന്ന ഓപൺ എയർ ഓഡിറ്റോറിയവും തയാറാക്കുന്നുണ്ട്. വിശാലമായ ലൈബ്രറി സംവിധാനവും വിശ്രമ, വിനോദ സൗകര്യങ്ങളുമൊരുക്കും. പാർട്ടി ക്ലാസുകൾക്ക് സൗകര്യം, വളന്‍റിയർ ട്രെയിനിങ്, കളരിയടക്കമുള്ള പരിശീലനം, മുതിർന്ന പാർട്ടി സഖാക്കളിൽ ഭവന സൗകര്യമില്ലാത്തവർക്ക് താമസിക്കാനുള്ള ഇടം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രധാന സമ്മേളനങ്ങൾ, ദേശീയ നേതാക്കളെത്തുമ്പോഴുള്ള വിശ്രമ കേന്ദ്രം എന്നിവയും ഇവിടേക്ക് മാറും. സംസ്ഥാന കമ്മിറ്റി നേരിട്ടാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രമേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story