എ.ടി.എമ്മിൽ നിന്ന് 10, 000 ലഭിച്ചില്ല; നിയമപോരിനൊടുവിൽ 40,000 രൂപ നൽകാൻ വിധി
text_fieldsകൊല്ലം: എ.ടി.എമ്മിൽ നിന്ന് ലഭിക്കാത്ത പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായ സംഭവത്തിൽ അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം.
എ.ടി.എമ്മിൽനിന്ന് ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചെലവായ 5000 രൂപയും ഉൾപ്പെടെ 40, 000 രൂപയും പരാതിക്കാരിക്ക് ബാങ്ക് നൽകാൻ ഉപഭോക്തൃ തർക്കപരിഹാരകമീഷൻ വിധിച്ചു. കൊല്ലം വനിത സെല്ലിലെ എ.എസ്.ഐ വി. സുപ്രഭക്ക് ആണ് ഒടുവിൽ നീതി ലഭിച്ചത്. 2019 ഏപ്രിൽ 12ന് ആണ് സംഭവം.
ഇരവിപുരം കാനറ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് 20,000 രൂപ എടുക്കാൻ ശ്രമിച്ചിട്ട് 10,000 രൂപ മാത്രമേ കിട്ടിയുള്ളൂ. എന്നാൽ അക്കൗണ്ടിൽ നിന്നും 20,000 രൂപ കുറവ് ചെയ്യുകയും ചെയ്തു. എ.ടി.എം കാനറ ബാങ്കിന്റെ ആയതിനാൽ അക്കൗണ്ട് ഉള്ള എസ്.ബി.ഐ കൈവിട്ടു. കാനറ ബാങ്കിൽ പരാതി സമർപ്പിച്ചതും തള്ളിയതോടെ തിരുവനന്തപുരം ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നൽകി, അവിടെയും തള്ളി.
തുടർന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷന് പരാതി നൽകുകയായിരുന്നു. പരാതി വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് പരാജയപ്പെട്ടതാണ് പണം നഷ്ടപ്പെടാൻ കാരണമെന്ന് കമീഷൻ വിധിയിൽ ചൂണ്ടിക്കാട്ടി.
പരാതി നൽകുന്ന സമയത്ത് സി.പി.ഒ ആയിരുന്ന വി. സുപ്രഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സംഭവത്തെ തുടർന്നുള്ള സാഹചര്യമുണ്ടായതെന്നും നിരീക്ഷിച്ചു. ഇതിനാലാണ് നഷ്ടപ്പെട്ട 10,000 രൂപയും ചെലവും കൂടാതെ നഷ്ടപരിഹാരമായി 25000 രൂപയും കാനറ ബാങ്ക് പരാതിക്കാരിക്ക് നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.
പണം ബാങ്ക് വി. സുപ്രഭക്ക് കൈമാറി. പരാതിക്കാരിക്ക് വേണ്ടി സി. പത്മകുമാരൻ നായർ കമീഷനിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.