ഈ വർഷം ജലത്തിൽ പൊലിഞ്ഞത് 102 ജീവൻ
text_fieldsകൊല്ലം: ജില്ലയിൽ ഈ വർഷം വിവിധ ജലാശയങ്ങളിലായി നഷ്ടമായത് 102 ജീവനുകൾ. ഒമ്പത് അഗ്നിരക്ഷാസേന നിലയങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണ് ഇതുവരെയുള്ള നൂറിന് മുകളിലേക്ക് മരണസംഖ്യ ഉയർന്ന വിവരമുള്ളത്. ഏറ്റവും വലിയ അപകടമേഖലയായി മാറിയ പൊഴിക്കര, കാപ്പിൽ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന പരവൂർ മേഖലയിലാണ് കൂടുതൽപേർ മരിച്ചത്. 23 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
കഴിഞ്ഞ മെയ് വരെയുള്ള കണക്കിൽ 43 പേരായിരുന്നു ജില്ലയിൽ മരിച്ചത്. മുന്നറിയിപ്പുകൾ വ്യാപകമാക്കിയിട്ടും തുടർന്നും നിരവധി പേർ മരണത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഈയടുത്താണ് വള്ളം മറിഞ്ഞ് കരുനാഗപ്പള്ളിയിൽ രണ്ട് യുവാക്കളും പിറ്റേന്ന് ശാസ്താംകോട്ടയിൽ ഒരു യുവാവും മരിച്ചത്. യുവാക്കളാണ് മുങ്ങി മരിക്കുന്നതിൽ കൂടുതലും.
കൊല്ലം കടപ്പാക്കട അഗ്നിരക്ഷാകേന്ദ്രത്തിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 12 പേരാണ് ഈ വർഷം മരിച്ചത്. കൊല്ലം ബീച്ച് ഉൾപ്പെടെ വരുന്ന നഗരഹൃദയത്തിലെ ചാമക്കട പരിധിയിൽ ആറ് പേർ മരിച്ചു.
കൊട്ടാരക്കരയിലും 12 പേർക്ക് വെള്ളത്തിൽ ജീവൻ നഷ്ടമായി. കരുനാഗപ്പള്ളിയിൽ ഏഴ്, ചവറയിൽ ഒമ്പത് എന്നിങ്ങനെയാണ് മരണസംഖ്യ. പത്തനാപുരം പരിധിയിൽ ഒമ്പത് പേരും ഈ കാലയളവിൽ മുങ്ങിമരിച്ചു. കുണ്ടറയിൽ 13 പേരും മരിച്ചു. ശാസ്താംകോട്ടയിൽ 11 പേരാണ് മരിച്ചത്.
വെള്ളത്തിൽ വീണ് മരണത്തെ മുന്നിൽകണ്ട 37 പേരെ ഈ കാലയളവിൽ രക്ഷിക്കാനായി. കൊല്ലത്ത് 15 പേരെയും ചാമക്കട പരിധിയിൽ 13 പേരെയും കുണ്ടറയിൽ ആറ് പേരെയും ശാസ്താംകോട്ടയിൽ മൂന്ന് പേരെയുമാണ് രക്ഷിച്ചത്. അപകടമുന്നറിയിപ്പുകൾ അവഗണിച്ച് വെള്ളത്തിൽ ഇറങ്ങുന്നതാണ് കൂടുതലും മുങ്ങിമരണത്തിലേക്ക് നയിക്കുന്നതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. നീന്തൽ അറിയാവുന്നവർക്ക് പോലും അപകടമാണ് അപരിചിതമായ ജലാശയം എന്ന പാഠം ഓർക്കാതെയാണ് അപകടമൊളിപ്പിച്ചിരിക്കുന്നയിടങ്ങളിൽ പോലും ആളുകൾ ഇറങ്ങുന്നത്.
പരവൂർ പൊഴിക്കരയും കാപ്പിൽ ബീച്ചിലും അപകടമുണ്ടാകില്ല എന്ന് കരുതി ഇറങ്ങുന്നവരെയാണ് അപ്രതീക്ഷിതമായി വെള്ളം കീഴ്പ്പെടുത്തുന്നത്. മതിയായ സുരക്ഷ മുൻകരുതലുകൾ അധികൃതർ ഒരുക്കാത്തതും ഇവിടങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.