കൊല്ലം-തേനി ദേശീയപാത വികസനത്തിന് 200 കോടിയുടെ പദ്ധതി
text_fieldsകൊല്ലം: കൊല്ലം- തേനി ദേശീയപാത183െൻറ സമ്പൂര്‍ണ വികസനത്തിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച കണ്‍സല്‍ട്ടന്‍സി 200 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചു. കൊല്ലം ഹൈസ്കൂള്‍ ജങ്ഷനില്‍ ആരംഭിച്ച് ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെയുള്ള 61 കിലോമീറ്റര്‍ പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കടപുഴമുതല് ആഞ്ഞിലിമൂട് വരെയുള്ള പാതയില്‍ 53 കോടി രൂപയുടെ പുനരുദ്ധാരണ പണികള്‍ അടുത്തകാലത്താണ് നടപ്പാക്കിയത്.
ഹൈസ്കൂള്‍ ജങ്ഷന്‍മുതല്‍ ആഞ്ഞിലിമൂട് വരെ ദേശീയപാത അതോറിറ്റിയുടെ കീഴിലാണെങ്കിലും ചെങ്ങന്നൂര്‍മുതൽ കോട്ടയം ഐഡ ഹോട്ടല്‍ വരെയുള്ള ഭാഗം കെ.എസ്.ടി.പിയുടെ കീഴിലാണ്. ഇവിടം ദേശീയപാത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതുമൂലം ഈ ഭാഗത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല.
സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കൊല്ലകടവ് എന്നീ പ്രധാന ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ടൗണ്‍ നവീകരണ പദ്ധതി ഇതിനോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണിക്കാവ്- വണ്ടിപ്പെരിയാര്‍ ദേശീയപാത ഭരണിക്കാവ് ജങ്ഷനില്‍നിന്ന് ചവറ ടൈറ്റാനിയം ജങ്ഷന്‍വരെ നീട്ടുന്നതിന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്ര ഗവണ്‍മെൻറ് അനുമതി നല്‍കിയിട്ടുണ്ട്.
കായംകുളം ദേശീയപാതയിൽനിന്ന് മാവേലിക്കര, തിരുവല്ല, കോട്ടയം, പാല, തൊടുപുഴ, അടിമാലി വഴി മൂന്നാറിലേക്കുള്ള പാത ദേശീയപാതയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് കായംകുളം- തിരുവല്ല പാത ദേശീയപാത അതോറിറ്റി ഏറ്റെറടുത്തത്.
ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരി വഴി കൊടൈക്കനാലിലേക്ക് പുതിയ ദേശീയപാത അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചതായും ആലപ്പുഴ-ചങ്ങനാശ്ശേരി വഴിയുള്ള ഈ പാതയെ മാറ്റി ദേശീയപാതയായി ഉയര്‍ത്തണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.