കളറായി ഈ കൊല്ലവും
text_fieldsകളറായി കൊല്ലം നിറഞ്ഞുനിന്ന ഒരുകൊല്ലം കൂടി ഇതാ വിടവാങ്ങുന്നു. കൊല്ലത്തിന്റെ ഗരിമയുയർത്തിയ കലോത്സവ കാഴ്ചകളുമായി തുടങ്ങിയ വർഷം സംഭവബഹുലമായ നാളുകൾക്കൊടുവിൽ പരിസമാപ്തിയിലെത്തുകയാണ്.
പെരുമയായി കലോത്സവം
ഈ ‘കൊല്ല’ത്തെ കുറിച്ചാണോ ഇത്രനാൾ അപവാദം പറഞ്ഞതെന്ന് ഇവിടെയെത്തിയ ഓരോ ഇതര ജില്ലക്കാരെയും കൊണ്ട് പറയിപ്പിച്ച് സംസ്ഥാന സ്കൂൾ കലോത്സവം പെരുമയോടെ നടത്തിയതിന്റെ തലയെടുപ്പ് ഈവർഷം ജനുവരിയിലാണ് ജില്ലക്ക് സ്വന്തമായത്. ഒന്നര പതിറ്റാണ്ടിന് ശേഷം കൊല്ലത്തെത്തിയ കലോത്സവം ജനുവരി നാല് മുതൽ നാട് ഏറ്റെടുത്തു. കണ്ണൂർ കലാകിരീടം ചൂടിയ കലോത്സവം കാണികളുടെ പങ്കാളിത്തംകൊണ്ട് വൻ കൈയടിയാണ് നേടിയത്.
വജ്ര ജൂബിലി തിളക്കം
ജില്ലയുടെ വജ്രജൂബിലി ആഘോഷ തുടക്കം കണ്ട വർഷമാണ് കടന്നുപോകുന്നത്. ജൂലൈ ഒന്നിന് ജില്ല 75ാം പിറന്നാൾ ആഘോഷത്തിന് തുടക്കമായി.
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമോറിയൽ ഡി.ബി കോളജും വജ്ര ജൂബിലി നിറവിലേക്ക് കടന്നു. നവംബർ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷത്തിന് തുടക്കമിട്ടു.
പോർട്ടിന് പുതുജീവൻ
കൊല്ലം പോർട്ടിന് പുതുജീവൻ ലഭിക്കുന്ന നിർണായക നടപടിയും ഈ വർഷം യാഥാർഥ്യമായി. പോർട്ടിൽ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് ജൂൺ 16ന് അനുമതി ലഭിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലക്കുള്ള പുരസ്കാരവും കൊല്ലം നേടിയത് ജില്ലയുടെ ഫിഷറീസ് മേഖലത്ത് ഉണർവായി.
അതേസമയം, കൊല്ലം തീരത്ത് മുണ്ടയ്ക്കൽ മേഖലയിൽ കള്ളക്കടൽ പ്രതിഭാസമുൾപ്പെടെ കടൽക്ഷോഭത്താൽ വീടുകൾ നശിപ്പിച്ച് ജനജീവിതം തകർത്തെറിഞ്ഞതും ഈവർഷമാണ്.
ആദ്യം കൊല്ലത്ത്
രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്തിന്റെ മണ്ണിൽ യാഥാർഥ്യമായ വർഷമാണ്. ആഗസ്റ്റ് 16ന് സുപ്രീംകോടതി ജഡ്ജി ബി.ആർ. ഗവായി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചെക്ക് കേസുകൾ പരിഗണിക്കുന്ന കോടതി നവംബർ 20ന് കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് പദ്ധതിയായ വർക്ക് നിയർ ഹോം ആദ്യമായി യാഥാർഥ്യമായതും കൊല്ലത്ത്. കൊട്ടാരക്കരയിൽ ആദ്യ കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നവംബർ 23ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി കൊട്ടാരക്കരയിൽ നിർവഹിച്ചു.
കോടതി സമുച്ചയം
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കൊല്ലം കോടതി സമുച്ചയം യാഥാർഥ്യമാകുന്നതിനുള്ള ശിലപാകിയത് ഈ വർഷമാണ്. നവംബർ 30ന് ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ചു.
പ്രസിഡന്റ്സ് ട്രോഫിയിൽ വീയപുരം ചുണ്ടൻ
അഷ്ടമുടി കായലിൽ ഓളംതീർത്ത് പ്രസിഡന്റ്സ് ട്രോഫിയിൽ വില്ലേജ് ബോട്ട് ക്ലബ് (വി.ബി.സി) തുഴഞ്ഞ വീയപുരം ചുണ്ടന് വിജയകിരീടം ചൂടി. ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വിജയിയായി.
സംഭവബഹുലം രാഷ്ട്രീയം
ഇടതുപക്ഷത്തിന്റെ സ്വന്തം കോട്ടയായ കൊല്ലത്തിന്റെ മണ്ണിൽ സി.പി.എം തന്നെയായിരുന്നു ഈ വർഷവും ശ്രദ്ധാകേന്ദ്രം. പാർലമെന്റ് പോരാട്ടവും പാർട്ടിസമ്മേളനച്ചൂടുമെല്ലാം സി.പി.എം നേതൃത്വത്തിന് തലവേദന സൃഷിടിച്ചു.
വിഭാഗീയ പ്രശ്നങ്ങൾ കാരണം നിർത്തിവെക്കുകയും തുടർന്ന് സംസ്ഥാന നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടത്തുകയും ചെയ്ത കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ സമ്മേളനങ്ങൾ കൈയാങ്കളിയിലെത്തിയത് സി.പി.എമ്മിന് നാണക്കേടായി.
നവംബർ 28ന് സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ട സംഭവത്തിന് പിന്നാലെ ഏരിയ കമ്മിറ്റിക്കെതിരെ പാർട്ടി നേതാക്കളും പ്രവർത്തകരും ആദ്യമായി പരസ്യമായി റോഡിൽ മാർച്ച് നടത്തി പ്രതിഷേധിച്ച സംഭവുമുണ്ടായി. ഒടുവിൽ കരുനാഗപ്പള്ളി ഏരിയകമ്മിറ്റി തന്നെ പിരിച്ചുവിട്ടുള്ള രക്ഷപ്പെടൽ മാത്രമായിരുന്നു പാർട്ടി നേതൃത്വത്തിന് മുന്നിലെ വഴി.
ലൈംഗികാതിക്രമ പരാതി നേരിട്ട കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ സി.പി.എമ്മിന്റെ കോട്ടയിൽ രാജു നവംബർ 28ന് സ്ഥാനം രാജിവെച്ചു.
പാർലമെന്റ് പോരാട്ടകളത്തിൽ സി.പി.എമ്മിന് വീണ്ടും അടിതെറ്റിയവർഷം. യു.ഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രനെതിരെ എം. മുകേഷ് എം.എൽ.എയെ എതിരാളിയാക്കിയ എൽ.ഡി.എഫ് തീരുമാനവും പാളി. പ്രേമചന്ദ്രൻ വീണ്ടും വിജയിച്ചുകയറി.
ജില്ലയുടെ കിഴക്കൻ മേഖല ഉൾപ്പെട്ട മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷും പടിഞ്ഞാട് കരുനാഗപ്പള്ളി ഉൾപ്പെട്ട ആലപ്പുഴ മണ്ഡലത്തിൽ കെ.സി. വേണുഗോപാലും വിജയിച്ചതും ഇടതുപക്ഷത്തിന് ആഘാതം ഇരട്ടിപ്പിച്ചു.
കൊല്ലത്ത് ഉൾപ്പെടെ ബി.ജെ.പി വൻതോതിൽ വോട്ടുയർത്തിയതും ഈ വർഷം. കൊല്ലംകാരനായ സുരേഷ് ഗോപി തൃശൂരിൽനിന്ന് ജയിച്ച് കേന്ദ്ര സഹമന്ത്രിയായി.
കേസുകൾ അനവധി
കുറ്റകൃത്യങ്ങൾക്ക് കുറവൊന്നും ഈ വർഷവുമില്ല. കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ നവംബർ ഏഴിന് കോടതി ശിക്ഷ വിധിച്ചു. ഷംസൂൺ കരീമിന് മൂന്ന് ജീവപര്യന്തവും അബാസ് അലി, ദാവൂദ് സുലൈമാൻ എന്നിവർക്ക് ഇരട്ടജീവപര്യന്തവും പിഴയുമാണ് ശിക്ഷ ലഭിച്ചത്.
നിക്ഷേപതുക തട്ടിയെടുക്കാൻ ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായ വയോധികൻ സി. പാപ്പച്ചനെ ബാങ്ക് മാനേജർ ഉൾപ്പെടെ ക്വട്ടേഷൻ നൽകി കാറിടിപ്പിച്ച് കൊന്ന സംഭവം നടന്നത് മേയ് 23നാണ്.
ഭാര്യയെ റോഡിൽ കാറിനുള്ളിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത് ഡിസംബർ മൂന്നിന്.
സെപ്റ്റംബർ 15ന് തിരുവോണനാളിൽ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവവും നാടിനെ ഞെട്ടിച്ചു.
ചിതറയിൽ പൊലീസുകാരനായ യുവാവിനെ സുഹൃത്ത് ഒക്ടോബർ 14ന് കഴുത്തറുത്ത് കൊന്ന സംഭവവും ചർച്ചയായി.
സൈബർ തട്ടിപ്പ് കേസുകളിൽ വൻ തോതിലാണ് ജില്ലയിൽനിന്ന് ഇരകളുണ്ടായത്. 1.75 കോടിയുടെ വമ്പൻ തട്ടിപ്പ് ഉൾപ്പെടെ കൊല്ലത്ത് ഈ വർഷം നടന്നു.
രാസലഹരി ഉൾപ്പെടെ ലഹരിയുമായി പിടിയിലാകുന്ന ചെറുപ്പക്കാരുടെ എണ്ണവും ഉയർന്നു. കിലോക്കണക്കിന് എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയാണ് ഈ വർഷം പൊലീസും എക്സൈസും പിടികൂടിയത്.
വിയോഗങ്ങൾ
നിരത്തിൽ അപകടപരമ്പരയും കൂട്ടമരണങ്ങളും കണ്ട വർഷം കൂടിയാണ് കടന്നുപോകുന്നത്. നൂറുകണക്കിന് മനുഷ്യജീവനുകൾ നിരത്തുകളിൽ പൊലിയുന്നത് ഈ വർഷവും മാറ്റമില്ലാതെ തുടർന്നു. വെള്ളത്തിൽ നഷ്ടമായ ജീവനുകളും 100 പിന്നിട്ടു. കുവൈത്തിൽ എൻ.ബി.ടി.സി കമ്പനിയിലെ ജീവനക്കാർ താമസസ്ഥലത്ത് തീപിടിത്തത്തിൽ മരിച്ച ദുരന്തത്തിൽ അഞ്ച് കൊല്ലംകാർ മരിച്ചതും വലിയ ആഘാതമായി.
വിടപറഞ്ഞ പ്രമുഖരിൽ ചിലർ
ഡിസംബർ 20: ആർട്ടിസ്റ്റ് ജയരാജ് ചിറ്റുമല
നവംബർ 15: നാടകനടി ജെസി മോഹൻ
ജൂൺ 23 : അഡ്വ. പാരിപ്പള്ളി ആർ. രവീന്ദ്രൻ
ഏപ്രിൽ 30: ചരിത്രഗവേഷകൻ ചേരിയിൽ സുകുമാരൻ നായർ
ജനുവരി 10: കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.