21 ലക്ഷം വോട്ടര്‍മാര്‍ പിന്നിട്ട് കൊല്ലം; 22,795 കന്നിക്കാര്
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉച്ചത്തിൽ മുഴങ്ങുമ്പോൾ ജില്ലയില്‍ വോട്ടർമാരുടെ എണ്ണം 21 ലക്ഷം പിന്നിട്ടു. തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം ആകെ 21,00,366 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ജനുവരി 22ന് 20,87,391 വോട്ടർമാരുമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ചേർത്ത 12,975 പേർ കൂടി ഉൾപ്പെടുന്നതാണ് പുതിയ പട്ടിക. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസത്തിന് 10 ദിവസം മുമ്പ് വരെ ഇനിയും വോട്ടർപട്ടികയിൽ ഇടംപിടിക്കാൻ അവസരമുണ്ട്. ഇതിനാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരുന്ന പട്ടികയിൽ അന്തിമ വോട്ടർമാരുടെ എണ്ണം ഇനിയുമുയരും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ 20,72,976 വോട്ടർമാരിൽ നിന്നും നിലവിൽ 27,390 പേർ കൂടിയിട്ടുണ്ട്. അപ്പോഴും 2021ലെ നിയസഭ തെരഞ്ഞെടുപ്പിലെ 21,35,830 വോട്ടർമാരെക്കാൾ 35,464 വോട്ടർമാർ കുറവാണ്. വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകളും മരണപ്പെട്ടവരും സ്ഥലംമാറിയവരും ഉൾപ്പെടെ വലിയ സംഖ്യ വോട്ടർമാരെ ഒഴിവാക്കിയതാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നിന്നും ഇത്രയും വ്യത്യാസം വരുന്നതിന് ഇടയാക്കിയത്.
നിലവിൽ പട്ടികയിൽ ‘ഭൂരിപക്ഷം’ നേടി വനിതകൾ ആണ് മുന്നിൽ. 11,01,609 ആണ് സ്ത്രീ വോട്ടർമാരുടെ എണ്ണം. 9,98,738 പേര് പുരുഷന്മാരാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 19 വോട്ടര്‍മാരുണ്ട്. അംഗപരിമിതരായ 20,339 പേരാണ് പട്ടികയിലുള്ളത്. 18-19 വയസ്സിനിടയിലുള്ള 22,795 പുതിയ വോട്ടര്‍മാരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,137 പേര് പുരുഷന്മാരും 11,658 പേര് സ്ത്രീകളുമാണ്. 85-150 വയസ്സിനിടയില്‍ പ്രായമുള്ള 18026 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്. 1951 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്.
ഓർക്കണം പെരുമാറ്റച്ചട്ടം, ഹരിതചട്ടം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണാവേശം ചൂടുപിടിക്കുകയാണ്. ഇതിനിടയിൽ ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടവും ഹരിതചട്ടവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ മാര്‍ഗനിർദേശങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടം.
പര്യടനതിരക്കുകൾക്കിടയിൽ സ്ഥാനാർഥികളും മുന്നണിപ്രവർത്തകരും വോട്ടർമാരും പെരുമാറ്റചട്ടം മനസിൽവക്കണം. പെരുമാറ്റചട്ടം ലംഘിച്ചാൽ ഇലക്ഷൻ കമ്മിഷൻ വക നടപടി ഉണ്ടാകും. ഇതിനൊപ്പം തന്നെ പ്രധാനമാണ് ഹരിതചട്ടം പാലിച്ചുള്ള പ്രചരണം.
ഹരിതചട്ടം
- ബോര്‍ഡുകള്‍, ബാനറുകള്‍ ഉൾപ്പെടെയുള്ളവക്ക് പ്ലാസ്റ്റിക്, പി.വി.സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ, പുനരുപയോഗ -ചംക്രമണ സാധ്യതയുള്ളവ ഉപയോഗിക്കണം.
- കൊടിതോരണങ്ങള്‍ പ്ലാസ്റ്റിക്, പി.വി.സി മുക്തമാകണം
- ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ നിർമിക്കുന്നത് 100 ശതമാനം കോട്ടണ്‍, പേപ്പര്‍, പോളിത്തിലീന് എന്നിവയിലാകണം
- രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
- തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഹരിതചട്ടബോധവത്കരണം നടത്തണം.
മാതൃക പെരുമാറ്റച്ചട്ടം
- മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നതോ ഭിന്നതകള്‍ക്ക് രൂക്ഷമാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രവർത്തനം പാടില്ല
- വിമർശനം എതിർപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചാകരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും പാടില്ല.
- ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.
- വോട്ടർമാർക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെ ഇടപെടൽ പാടില്ല.
- കുട്ടികളെ പ്രചരണത്തിന് ഉപയോഗിക്കരുത്.
- വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധമുയർത്തി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക എന്നിവ പാടില്ല.
- ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് എന്നിവ അനുവാദം കൂടാതെ പ്രചാരണ പ്രവർത്തനത്തിന് ഉപയോഗിക്കരുത്
- ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയ കക്ഷി സംഘടിപ്പിക്കുന്ന പൊതു യോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു കക്ഷി ജാഥ നടത്താന്‍ പാടില്ല. എതിർകക്ഷിയുടെ പോസ്റ്ററുകളും പരസ്യങ്ങളും നീക്കം ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.