കൊല്ലം താലൂക്കിൽ പരിശോധനക്കെത്തിയത് 373 സ്കൂൾ വാനുകൾ
text_fieldsകൊല്ലം: പുതിയ അധ്യയനവര്ഷാരംഭത്തോട് അനുബന്ധിച്ച് കൊല്ലം താലൂക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കൊല്ലം ആർ.ടി.ഒ ജയേഷ് കുമാറിനെ നേതൃത്വത്തിൽ നടത്തി. 373 സ്കൂൾ വാനുകൾ പരിശോധിച്ചതിൽ 336 വാഹനങ്ങൾ വിജയിച്ചു. ഇവക്ക് ചെക്ക് സ്റ്റിക്കർ നൽകി. പരാജയപ്പെട്ട 37 വാഹനങ്ങൾ തകരാറുകൾ പരിഹരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പുനഃപരിശോധനയ്ക്ക് ഹാജരാക്കാനും നിർദേശിച്ചു. വാഹനത്തിന്റെ സ്പീഡോമീറ്റർ 50 കി.മീ കട്ടാകുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.
പ്ലാറ്റ്ഫോം, ടയർ, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ചെക്ക് ചെയ്തു. വാഹനത്തിന്റെ ബ്രേക്ക് സംവിധാനം, ഇലക്ട്രിക്കൽ സംവിധാനം എന്നിവക്ക് മുൻഗണന നൽകിയാണ് പരിശോധന പൂർത്തീകരിച്ചത്. വാഹനത്തിന്റെ ലൊക്കേഷനും വേഗതയും അറിയുന്നതിലേക്ക് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം മോട്ടോർ വാഹന വകുപ്പിന്റെ ‘സുരക്ഷാ മിത്ര’ സോഫ്റ്റ്വെറുമായി ടാഗ് ചെയ്ത് നൽകി. സ്കൂൾ അധികൃതർ വിദ്യാവാഹൻ സോഫ്റ്റ്വെയർ വഴി സ്കൂൾ വാഹനത്തിന്റെ റൂട്ടും വിദ്യാർത്ഥികളുടെ രക്ഷകർത്താവിന്റെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
രക്ഷകർത്താക്കൾക്ക് വിദ്യാവാഹൻ സോഫ്റ്റ്വെയർ വഴി തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ ലൊക്കേഷനും വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊബൈൽ നമ്പറും ലഭ്യമാകും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി. ശ്രീകുമാർ, ദീനേശ് കീർത്തി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിനൂബ്, റെജി, സിമോദ്, സുജിത് ജോർജ്, അശോക്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.