ഉടമയുടെ അനുമതിയില്ലാതെ വലിച്ച ലൈൻ നീക്കാൻ 50,000 രൂപ; വിമർശനവുമായി മനുഷ്യാവകാശ കമീഷൻ
text_fieldsകൊല്ലം: ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വസ്തുവിൽ വൈദ്യുതി ലൈനും പോസ്റ്റുകളും സ്ഥാപിച്ചശേഷം അവ നീക്കാൻ അമ്പതിനായിരം രൂപ ആവശ്യപ്പെട്ട കെ.എസ്.ഇ.ബിയുടെ നടപടി നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമീഷൻ. ലൈനും പോസ്റ്റും രണ്ടാഴ്ചക്കകം നീക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. ഇതിനാവശ്യമുള്ള തുക യഥാർഥ ഉപഭോക്താവിൽനിന്ന് ഈടാക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കൊട്ടാരക്കര വൈദ്യുതി ഭവൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കാണ് കമീഷൻ നിർദേശം നൽകിയത്. കൊല്ലം ചന്ദനത്തോപ്പ് മേക്കോൺ മുകുളുവിള വീട്ടിൽ നസീബ് സമർപ്പിച്ച പരാതിയിലാണ് നടപടി.ഹരജിക്കാരന്റെ പേരിൽ മുമ്പുണ്ടായിരുന്ന വ്യാവസായിക കണക്ഷന് സുരക്ഷ നൽകാനാണ് പോസ്റ്റ് സ്ഥാപിച്ചതെന്നും പരിശോധനാ സമയത്ത് പരാതിക്കാരന്റെ വസ്തുവിന്റെ അതിരടയാളങ്ങൾ കണ്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ഫെബ്രുവരി 26ന് എടുത്ത വ്യാവസായിക കണക്ഷൻ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലല്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, കോൺക്രീറ്റ് മതിലും സർവേ കല്ലുമുള്ള തന്റെ വസ്തു കണ്ടില്ലെന്ന് പറയുന്നത് കളവാണെന്നും പുതിയ ഒരു പോസ്റ്റും രണ്ട് സപ്പോർട്ട് പോസ്റ്റുമിട്ട് വസ്തുവിന്റെ മധ്യഭാഗത്തുകൂടി ലൈൻ വലിച്ചത് മനഃപൂർവമാണെന്നും പരാതിക്കാരൻ അറിയിച്ചു. ലൈൻ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അരലക്ഷം രൂപ അടയ്ക്കണമെന്നും കെ.എസ്.ഇ.ബി നിർദേശിച്ചു.
പുതുതായി സ്ഥാപിച്ച ലൈനിന്റെയും പോസ്റ്റിന്റെയും യഥാർഥ ഉപഭോക്താവല്ലാത്ത പരാതിക്കാരനിൽനിന്ന് പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അന്യായവും നിയമവിരുദ്ധവുമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.