ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; അഖിൽ സജീവിനെതിരെ കൊല്ലത്ത് 48.62 ലക്ഷത്തിന്റെ തട്ടിപ്പ് കേസ്
text_fieldsകൊല്ലം: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള പത്തനംതിട്ട സി.ഐ.ടി.യു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവൻ കൊല്ലത്ത് 48.62 ലക്ഷത്തിന്റെ തട്ടിപ്പ് കേസിൽ മൂന്നാംപ്രതി.
കൊല്ലത്തുള്ള തട്ടിപ്പ് കേസിൽ പരാതി നൽകിയയാൾക്ക് നഷ്ടമായത് 48.62 ലക്ഷം. അഖിൽ സജീവൻ ഉൾപ്പെടെ മൂന്ന് പേർ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മകന് കെൽട്രോണിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2021ൽ കൊല്ലം സ്വദേശിയായ കേന്ദ്ര സർക്കാർ മുൻ ഉദ്യോഗസ്ഥന്റെ കൈയിൽനിന്ന് സംഘം പണം തട്ടിയതാണ് കേസ്.
കഴിഞ്ഞ വർഷം മേയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് വെഞ്ഞാറമൂട് സ്വദേശി ശിവൻ, പത്തനംതിട്ട കൂടൽ നെടുമൺകാവ് വിളയിൽ വീട്ടിൽ ശരത്, അഖിൽ സജീവൻ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.
എന്നാൽ, അന്വേഷണത്തിൽ ശിവനെന്ന പേരിൽ വിളിച്ചത് പത്തനംതിട്ട കുന്നത്തുകര സ്വദേശി ആരോമൽ ബാനർജി ആണെന്ന് കണ്ടെത്തി പൊലീസ് പ്രതിചേർത്തു. മൂന്നാംപ്രതിയായ അഖിൽ സജീവൻ ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഇയാൾ അത് എടുത്തില്ല.
തുടർന്ന് ജാമ്യം റദ്ദാകുകയും പ്രതി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതായി ഇയാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചാൾസ് പറഞ്ഞു. സുപ്രീംകോടതി കേസ് പരിഗണിക്കവേയാണ് അന്വേഷണം പൂർത്തിയാക്കി വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതി ഒളിവിലാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല. സംഭവത്തിൽ പണം തിരികെ ലഭിക്കാനായി പരാതിക്കാരൻ സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.