സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി തുടങ്ങുന്നു
text_fieldsകൊല്ലം: വളർത്തുനായ്ക്കൾക്കും തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് സമഗ്ര പേവിഷ പദ്ധതിക്ക് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഒരുമാസം നീളുന്ന പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മുൻവർഷങ്ങളിൽ സെപ്റ്റംബർ മാസത്തിലാണ് പേവിഷ വാക്സിനേഷൻ കാമ്പയിൻ വ്യാപകമായി നടത്തിയത്. ഇതിനു ചുവടുപിടിച്ചാണ് ഇത്തവണയും സമഗ്ര പേവിഷ നിയന്ത്രണപദ്ധതി നടപ്പാക്കുന്നത്.
മിഷൻ റാബിസ് എന്ന മൃഗക്ഷേമ സംഘടനയുടെ സാങ്കേതിക സഹകരണവും പദ്ധതിക്ക് ലഭ്യമാകുന്നുണ്ട്. വാക്സിനേഷനുവേണ്ടി തെരുവുനായ്ക്കളെ പിടികൂടുന്നതിന് ഡോഗ് ക്യാച്ചർമാരെ പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്. പ്രത്യേക സ്ക്വാഡുകളുടെ സഹായത്തോടെയാണ് പേവിഷ പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ എല്ലായിടത്തും എത്തിക്കുന്നത്.
ഈ സ്ക്വാഡുകളിലെ അംഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ വാക്സിനും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകിയ ശേഷം മൃഗാശുപത്രിയിൽനിന്ന് ഇതിന്റെ സർട്ടിഫിക്കറ്റ് വാങ്ങണം. തുടർന്ന് ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് നേടണം. വളർത്തുമൃഗങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ് നിർബന്ധമാക്കി മാസങ്ങൾക്ക് മുമ്പേ ഉത്തരവ് നടപ്പാക്കി തുടങ്ങിയെങ്കിലും ജില്ലയിൽ ഇനിയും പതിനായിരക്കണക്കിന് വളർത്തുനായ്ക്കൾക്ക് ഉൾപ്പെടെ ലൈസൻസ് എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.