ഒരു ദിവസം വൈകി എയർ ഇന്ത്യ എക്സ്പ്രസ് നിക്കാഹും വിവാഹനിശ്ചയവും മുടങ്ങി
text_fieldsദുബൈ: പ്രവാസികളെ യാത്രാദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകി.
ശനിയാഴ്ച രാത്രി 8.45ന് ദുബൈയിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലർച്ച 2.45ന് തിരുവനന്തപുരത്ത് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 544 വിമാനമാണ് അനിശ്ചിതമായി വൈകിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 160 യാത്രക്കാർ ഇതോടെ ദുരിതത്തിലായി.
എയർ ഇന്ത്യയുടെ നടപടിമൂലം പ്രവാസികളായ രണ്ടു യുവാക്കളുടെ ഭാവിജീവിതത്തിലും കല്ലുകടിയായി. ഞായറാഴ്ച വൈകീട്ടായിരുന്നു കൊല്ലം കടയ്ക്കൽ സ്വദേശി മുഹമ്മദിന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്.
ടിക്കറ്റ് കാൻസൽ ചെയ്യാമെന്ന് വിചാരിച്ചാൽ ഏഴു ദിവസം കഴിഞ്ഞാണ് റീഫണ്ട് ലഭിക്കുകയെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ദുബൈയിൽനിന്ന് ആ സമയം തിരുവനന്തപുരത്തേക്ക് മറ്റൊരു സർവിസും ലഭിച്ചതുമില്ല.
അതോടെ യാത്ര അനിശ്ചിതത്വത്തിലായി. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ചടങ്ങുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായും മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
അടുത്ത ആഴ്ച നടക്കുന്ന വിവാഹത്തോടനുബന്ധിച്ചുതന്നെ നിക്കാഹ് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു യുവാവിന്റെ വിവാഹനിശ്ചയവും ഞായറാഴ്ച നടക്കേണ്ടതായിരുന്നു. എയർ ഇന്ത്യയുടെ നിരുത്തരവാദപരമായ നടപടിമൂലം അത് മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.