കൊല്ലം ജില്ലയിൽ മരുന്ന് സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം
text_fieldsകൊല്ലം: കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ കൊല്ലം നഗരത്തിലുള്ള ജില്ല മരുന്ന് സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. വാഹനങ്ങൾ കത്തിനശിച്ചു, ആളപായമില്ല. ഉളിയക്കോവിൽ ദേവി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന, ജില്ലയിലേക്കെത്തുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സൂക്ഷിക്കുന്ന ജില്ല വെയർഹൗസിലാണ് ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്.
കോടികളുടെ മരുന്നും ഉപകരണങ്ങളും കത്തിനശിച്ചതായി സൂചന. കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ബുധനാഴ്ച രാത്രി 8.45ഓടെയാണ് തീപിടിത്തം സുരക്ഷ ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടത്. ഇദ്ദേഹം ബഹളംവെച്ച് ആളുകൾ എത്തിയപ്പോഴേക്കും വൻ തീഗോളം കെട്ടിടത്തെ മൂടുകയായിരുന്നു.
സുരക്ഷ ജീവനക്കാരൻ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് നാല് അഗ്നിരക്ഷാസേന യൂനിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പ്രയത്നിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാൻ ബുദ്ധിമുട്ടി.
ഷീറ്റ് മേഞ്ഞ വലിയ കെട്ടിടത്തിൽ ആളിപ്പടർന്ന് കയറിയത് തീകെടുത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി. മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് ഉൾപ്പെടെ സൂക്ഷിക്കുന്ന കേന്ദ്രത്തിൽ സമയം പിന്നിടുന്തോറും തീ കൂടുതൽ ആളിക്കത്തുന്ന സ്ഥിതിയായി.
കനത്ത പുകയും ചൂടും കാരണം അടുക്കാൻ കഴിയാത്തനിലയിലായിരുന്നു പരിസരം. അടുത്തടുത്ത് വീടുകൾ ഉള്ളതും ആശങ്കപരത്തി. 10.45ഓടെ മുൻവശത്തെ തീ ഒരുവിധം കെടുത്തി. പിറകുവശത്തുള്ള തീകെടുത്താനുള്ള ശ്രമങ്ങൾതുടങ്ങാനിരിക്കെ വീണ്ടും മുൻവശത്ത് തീ ആളിപ്പടർന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള 15ലധികം അഗ്നിരക്ഷസേന യൂനിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാകാത്തതിനാൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടർന്നു. കൊല്ലം, ചാത്തന്നൂർ, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് ആംബുലൻസുകളും സ്ഥലത്ത് എത്തിച്ചു. നഗരത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ രൂക്ഷഗന്ധം വ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.