ജലജീവൻ പദ്ധതി കരാറുകാരുടെ യോഗം വിളിക്കും
text_fieldsശാസ്താംകോട്ട: താലൂക്കിലെ ജലജീവൻ പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട് കരാറുകാർ ഉൾപ്പെടെയുള്ളവരുടെ യോഗം 14ന് ചേരാൻ കുന്നത്തൂർ താലൂക്ക് വികസന സമിതിയോഗത്തിൽ തീരുമാനം. പോരുവഴി ദേവഗിരി എസ്.ടി സെറ്റിൽമെന്റ് കോളനിയിലെ അപകടഭീഷണിയിലുള്ള മരങ്ങൾ വനംവകുപ്പ് മുഖാന്തരം വിലനിർണയം നടത്തി മുറിച്ചുമാറ്റും. തലയിണക്കാവ് റെയിൽേവ അടിപ്പാത വൈദ്യുതീകരണം നടത്തുന്നതിന് കരാറുകാരന് നിർദേശം നൽകും. ഭരണിക്കാവിലെ ട്രാഫിക് പരിഷ്കരണം നിലവിൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണെന്നും ഫലപ്രദമല്ലെന്നുകണ്ടാൽ ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ആശുപത്രി പരിസരത്തെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ഒരുകോടി രൂപ ചെലവഴിച്ചുള്ള ഐ.സി.യുവിന്റെ നിർമാണം ഉടൻ തുടങ്ങുന്നതിനും തീരുമാനമായി.
ശാസ്താംകോട്ട െറയിൽവെ സ്റ്റേഷനിൽ ശബരി, ഇന്റർസിറ്റി, ജയന്തി ജനത എക്സ്പ്രസുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എം.പി വഴി ശ്രമം നടത്തും. കുറ്റിയിൽമുക്ക്-ശാസ്താംകോട്ട ക്ഷേത്രം റോഡ്, കുറ്റിയിൽ മുക്ക് വയൽ റോഡ്, കുറ്റിയിൽമുക്ക് റെയിൽേവ സ്റ്റേഷൻ റോഡ് എന്നിവയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി. മിലാദ് ഇ ഷെരീഫ് സ്കൂളിനുസമീപം വനംവകുപ്പ് െവച്ചുപിടിപ്പിച്ച മരങ്ങളുടെ വേരുകൾ ജലജീവൻ പദ്ധതിക്ക് കുഴി എടുത്തതുമൂലം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടിക്കായി വാട്ടർ അതോറ്റി അസി.എൻജിനീയറെ ചുമതലപ്പെടുത്തി
നിർത്തലാക്കിയ മലനട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസ് സർവിസ് പുനരാരംഭിക്കുന്നതിന് മന്ത്രിയുമായി ചർച്ച നടത്തും. ശാസ്താംകോട്ട കോളജ് റോഡ് നിർമാണത്തിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. താലൂക്ക് പരിധിയിലെ വൈദ്യുതി പോസ്റ്റിെലയും പൊതുസ്ഥലങ്ങളിെലയും പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തി. ശാസ്താംകോട്ട ജങ്ഷനിലെ റോഡ് സൈഡിൽ ഇന്റർലോക്ക് നിർമാണം ഉടൻ തന്നെ ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ഉണ്ണിക്കൃഷ്ണൻ, ബിനു മംഗലത്ത്, തഹസിൽദാർ ആർ.കെ. സുനിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.