യുക്തിബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsകൊല്ലം: പുരോഗമനചിന്തയും യുക്തിബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ല ഭരണകൂടത്തിന്റെയും ശിശുക്ഷേമസമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലതല ശിശുദിനാഘോഷ പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യസമര സേനാനികള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ കുരുന്നുകള്‍ക്ക് പകര്‍ന്നുനല്‍കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സംസ്കാരവും ചരിത്രബോധവും ഉള്ളവരായി ഭാവിതലമുറ വളരണം. രാജ്യത്തിന്റെ ഭാവി പുതുതലമുറയുടെ കൈകളില്‍ ഭദ്രമാണെന്നും അവർ പറഞ്ഞു. സര്‍ക്കാര്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ആരംഭിച്ച വര്‍ണാഭമായ ശിശുദിന റാലിയുടെ ഫ്ലാഗ്ഓഫ് കലക്ടര്‍ എന്‍. ദേവീദാസ് നിര്‍വഹിച്ചു. എൻ.സി.സി, സ്കൗട്ട്, ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേളം, കുട്ടികൃഷി ചെയ്ത വിദ്യാർഥികളുടെ കതിരോത്സവം, കമ്പടി, ആദിവാസി കുട്ടികളുടെ നൃത്തം, മുത്തുക്കുട, ലഹരിക്കെതിരെ സന്ദേശം ഉയർത്തിയ പ്ലക്കാർഡുകൾ, കുതിര, വർണക്കൊടികൾ, കുതിരവണ്ടി എന്നിവയുടെ അകമ്പടിയോടെ ആയിരക്കണക്കിന് വിദ്യാർഥികൾ റാലിയിൽ അണിചേർന്നു.
സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി എം. മഹേശ്വര് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് നദീം ഇഹ്സാന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സ്പീക്കര്‍ എസ്. മിഥുന് ശിശുദിന പ്രഭാഷണം നടത്തി. എം. നൗഷാദ് എം.എല്‍.എ പ്രതിഭകളെ ആദരിച്ചു. ശിശുദിന സ്റ്റാമ്പ് പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപനും സയന്‍സ് ഗ്ലോബല്‍ ലോഗോ പ്രകാശനം സിറ്റി പൊലീസ് കമീഷണര്‍ മെറിന് ജോസഫും നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേടിയ ഡിസ്ട്രിക്ട് ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് പ്രോജക്ട് ജില്ല നോഡല്‍ ഓഫിസര്‍ സോണി ഉമ്മന്‍ കോശിയെയും ‘എന്റെ വിദ്യാലയം എന്റെ കൃഷി’ പദ്ധതിപ്രകാരം കരീപ്ര കളവൂര്ക്കോണം പാട്ടുപുരക്കല്‍ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കുഴിമതിക്കാട് സ്കൂളിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് കൃഷിയിറക്കിയ കര്‍ഷകരെയും ആദരിച്ചു.
ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ഡി. ഷൈൻദേവ്, ട്രഷറർ എൻ. അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് ഷീബ ആന്റണി, ജോയന്റ് സെക്രട്ടറി സുവർണൻ പരവൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജി. ആനന്ദൻ, കറവൂർ എൽ. വർഗീസ്, പി. അനീഷ്, ആർ. മനോജ്, സി.ഡബ്ല്യു.സി ചെയർമാൻ സനിൽ വെള്ളിമൺ, എൻ. ആയിഷ, അബ്റാർ ടി. നാസിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.