കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
text_fieldsശൂരനാട്: കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷിച്ച് തുറന്ന് വിടാനുള്ള നീക്കം നാട്ടുകാർ എതിർത്തു. പിന്നീട് അംഗീകൃത ഷൂട്ടർമാർ എത്തി പന്നിയെ വെടിവെച്ചു കൊന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് എൽ.പി സ്കൂളിന് സമീപം തിങ്കളാഴ്ചയാണ് സംഭവം. സ്വകാര്യ പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടുപന്നി വീണത്. സംഭവമറിഞ്ഞ് ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കയറുകൾ കെട്ടി പന്നിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തി. എന്നാൽ, പുറത്തെടുത്ത് അഴിച്ചുവിടാനാണ് നീക്കമെന്നറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
പന്നിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ കൈയൊഴിഞ്ഞു. ജനവാസമേഖലയിൽ ശല്യമായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർമാരെ കൊണ്ട് പന്നിയെ വെടിവെച്ച് കൊല്ലാമെന്നായിരുന്നു ലഭിച്ച നിർദേശം. തുടർന്ന് പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടതിനെതുടർന്ന് മാവേലിക്കരയിൽനിന്നെത്തിയ അംഗീകൃത ഷൂട്ടർ വൈകീട്ടോടെ പന്നിയെ കിണറ്റിൽവെച്ചു തന്നെ വെടിവെച്ചു കൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.