അപകടങ്ങൾ തുടർക്കഥയായി കൊല്ലം
text_fieldsകൊല്ലം: നിരത്തിൽ അതിദാരുണമായി ജീവൻ പൊലിയുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നതിൽ ഞെട്ടി കൊല്ലം. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ നാലുപേരുടെ ജീവനാണ് വിവിധ അപകടങ്ങളിൽ നഷ്ടമായത്.
ശനിയാഴ്ച കൊല്ലം നഗരത്തിൽ സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിച്ച 19കാരിയും ഞായറാഴ്ച രാവിലെ കൊട്ടാരക്കരയിൽ സ്കൂട്ടറിൽ ജോലിക്ക് പോകുകയായിരുന്ന 36കാരിയും ബസുകൾക്ക് അടിയിൽപെട്ട് ദാരുണമായി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചക്കാണ് കൊട്ടാരക്കരയിൽ കുടുംബത്തിനൊപ്പം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് മൂന്ന് വയസ്സുകാരൻ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച കരുനാഗപ്പള്ളിയിൽ ടിപ്പറിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിയായ 23 കാരി മരിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജില്ലയിൽ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊല്ലം നഗരത്തിൽ റോഡ് അപകടങ്ങളും അനുബന്ധ മരണങ്ങളും വർധിക്കുന്നതായുള്ള കേന്ദ്ര സർക്കാർ കണക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു.
രാജ്യത്ത് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 50 നഗരങ്ങളിൽ 2022ൽ നടന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 12ാമതാണ് കൊല്ലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഈ വിവരമുള്ളത്. സംസ്ഥാനത്തെ നഗരങ്ങളിൽ നാലാമതാണ് കൊല്ലം.
2022ൽ കൊല്ലത്ത് 2082 അപകടങ്ങളിലായി 214 പേർ മരിച്ചു. 2,175 പേർക്ക് പരിക്കേറ്റു. റോഡ് അപകടമരണങ്ങളിൽ 31ാമതും പരിക്കേറ്റവരുടെ എണ്ണത്തിൽ 11ാമതുമാണ് ജില്ല. 2021ൽ 1552 അപകടങ്ങളുണ്ടായതിൽ 184 പേർ മരിച്ചു. 1,647 പേർക്ക് പരിക്കേറ്റു. മോട്ടോർവാഹനവകുപ്പ് ജാഗ്രതാനിർദേശം നിരന്തരം നൽകുമ്പോഴും അപകടങ്ങൾ ജില്ലയിൽ തുടർക്കഥയാവുകയാണ്.
മഴക്കാലത്ത് റോഡുകളിൽ അതിശ്രദ്ധ വേണമെന്ന കാര്യം പോലും കണക്കിലെടുക്കാതെ ബസുകളുൾപ്പെടെ ചീറിപ്പായുന്നതാണ് നിരത്തിലെ സ്ഥിരംകാഴ്ച. മരണവേഗത്തിലാണ് നഗരത്തിൽ ബസുകൾ പായുന്നത്.
സ്വകാര്യബസുകൾ നഗരത്തിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഓവർടേക്ക് ചെയ്യുന്നതിലും ബസുകൾ നിർത്തി എടുക്കുന്നതിലുമൊന്നും നിരത്തിൽ കൂടി പോകുന്ന മറ്റ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ശ്രദ്ധിക്കാറില്ല. ചിന്നക്കട ബസ് ബേയിലേക്ക് ആളുകൾ നിൽക്കുന്നതിനിടയിലൂടെ അശ്രദ്ധമായി ഇരച്ചുകയറിയാണ് ബസുകൾ നിർത്തുന്നതും എടുക്കുന്നതും എന്ന പരാതിയുമുണ്ട്.
ആൽത്തറമൂട് പോലെയുള്ള സ്ഥലങ്ങളിൽ വീതികുറഞ്ഞ റോഡുകളിൽ പോലും അശ്രദ്ധമായ ഓവർടേക്കിങ് സ്ഥിരമാണ്. ഇത്തരം ബസുകൾക്ക് കടിഞ്ഞാണിടാൻ കർശന നടപടിയുണ്ടാകണം എന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.