ഉറവിട മാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ
text_fieldsകൊല്ലം: ഉറവിട മാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ തയാറാക്കാൻ കോർപറേഷൻ. വലിച്ചെറിയൽ മുക്ത കോർപറേഷൻ, വൃത്തിയുള്ള കോർപറേഷൻ ആശയം നടപ്പാക്കാൻ ആക്ഷൻ പ്ലാൻ തയാറാക്കാൻ കൗൺസിൽ യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർദേശം നൽകി.
ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാനും ജൈവ, അജൈവ മാലിന്യ സംസ്കരണത്തിനും പരിഹാര നിർദേശങ്ങൾ കൗൺസിലർമാർ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജൂൺ അഞ്ചിന് മുമ്പ് ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടക്കുന്ന ഉളിയക്കോവിൽ -അഷ്ടമുടി സ്റ്റോം വാട്ടർ ഡ്രെയിനേജിന്റെ നിലവിലെ പ്രവൃത്തി പൂർത്തിയാക്കാൻ അധിക തുക ആവശ്യമെങ്കിൽ പ്ലാൻ ഫണ്ടിൽനിന്നോ മറ്റോ അനുവദിച്ച് മഴക്കാലത്തിന് മുമ്പ് പണികൾ പൂർത്തീകരിക്കണമെന്ന് മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിലവിലെ കരാറിലെ ഈ പ്രവൃത്തി മുടങ്ങിയ സാഹചര്യത്തിൽ പുതിയ ടെൻഡർ നടപടി സ്വീകരിക്കാൻ അമൃത് മിഷന് കത്തെഴുതുന്നതിനുള്ള അജണ്ട സംബന്ധിച്ച ചർച്ചയിലാണ് മേയർ നിർദേശം നൽകിയത്. നായേഴ്സ് ആശുപത്രി ജങ്ഷനിൽ നിന്ന് അഷ്ടമുടിക്കായലിലേക്കുള്ള ഓടയാണ് പദ്ധതിയിൽ നിർമിക്കുന്നത്.
2.26 കോടി അനുവദിച്ച് നിർമാണം ആരംഭിച്ച പദ്ധതിയിൽ 1.58 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായിട്ടുള്ളത്. പ്രദേശവാസികളുടെ എതിർപ്പ് കാരണം പ്രവൃത്തി പൂർത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതോടെ 2021ൽ എസ്റ്റിമേറ്റ് പുതുക്കി പുതിയ അലൈൻമെന്റിൽ പദ്ധതി പൂർത്തീകരിക്കാൻ കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ, തുടർന്നും എതിർപ്പ് ശക്തമായതോടെ പ്രവൃത്തി പാതിവഴിയിൽ മുടങ്ങുന്ന സ്ഥിതിയായി.
പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്നും കൗൺസിൽ തീരുമാനിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും സ്ഥിരം സമിതി ചെയർമാൻ ജി. ഉദയകുമാർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. സവാദ്, എസ്. ജയൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ജോർജ് ഡി. കാട്ടിൽ, ടി.ജി. ഗിരീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.