കൊല്ലം: തീരദേശത്തെ വനിതകൾക്ക് അവശ്യരേഖകള്‍ ലഭ്യമാക്കാൻ നടപടി
text_fieldsകൊല്ലം: ജില്ലയിലെ തീരദേശ മേഖലയിലെ വനിതകള്‍ക്ക് അവശ്യരേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. മൂതാക്കരയിലെ മത്സ്യത്തൊഴിലാളി കോളനിയിലും തൊട്ടടുത്ത് സൂനാമിയില്‍ വീട് നഷ്ടപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരിക്കുന്ന ഫ്ലാറ്റുകളിലും കഴിയുന്ന അവശനിലയിലും ഒറ്റപ്പെട്ടവരുമായ സ്ത്രീകളെ വീടുകളിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
സന്ദര്‍ശനം നടത്തിയ വീടുകളില്‍ ചിലയിടത്ത് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള അവശ്യ രേഖകള്‍ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണും.
മാനസിക വെല്ലുവിളി നേരിടുന്നവര്‍, അംഗപരിമിതര്‍, നിരാലംബര്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ കമീഷന് നേരിട്ട് സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രദ്ധയില്‍പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
തീരദേശമേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പ്രത്യേകമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം ജില്ലയില്‍ രണ്ടു ദിവസത്തെ ക്യാമ്പും ഭവന സന്ദര്‍ശനവും വനിത കമീഷന് സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി ശയ്യാവലംബരായി കഴിയുന്ന സ്ത്രീകളെ പരിചരിക്കാന്‍ ഇടപെടും. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നതിനുള്ള നടപടികളാണ് വനിത കമീഷന് ലക്ഷ്യമിടുന്നത്.
ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം പൊതുവേ സമൂഹത്തിലുണ്ടെന്ന് കമീഷൻ അധ്യക്ഷ പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളും കൂടുതലായി നിലനില്‍ക്കുന്നത് തീരദേശ മേഖലയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
വനിത കമീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. പി. കുഞ്ഞായിഷ, വനിത കമീഷന് ഫിനാന്‍സ് ഓഫിസര്‍ ലീജാ ജോസഫ്, പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.