പരാതികള്‍ക്ക് അധിക ഫീസ് വാങ്ങിയാല്‍ കര്‍ശന നടപടി -വിവരാവകാശ കമീഷണർ
text_fieldsകൊല്ലം: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്കാന് അധിക ഫീസ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ എ.എ. ഹക്കീം. വിവരാവകാശ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന ഫീസിന് പുറമെ മറ്റേതെങ്കിലും പ്രത്യേക നിയമപ്രകാരം നല്‍കേണ്ടതില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ അധിക ഫീസ് ഈടാക്കുന്നതായി കമീഷന്റെ ശ്രദ്ധയിൽപെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവരാവകാശ കമീഷണറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുബോധന ഓഫിസറോ ഒന്നാം അപ്പീല്‍ അധികാരിയോ അപേക്ഷകരെ ഹിയറിങ്ങിന് വിളിക്കാന്‍ പാടുള്ളതല്ല. അപേക്ഷകരെ വിളിച്ച് വിചാരണ നടത്തുന്ന ഓഫിസര്‍മാര്‍ക്കെതിരെ കമീഷന് നടപടി സ്വീകരിക്കും. അപ്പീല്‍ അധികാരിക്ക് അപേക്ഷയിലുള്ള കാര്യങ്ങള്‍ അറിയാന്‍ കീഴ് ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള അനുമതി മാത്രമേയുള്ളൂ. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് 30 ദിവസം കഴിഞ്ഞ് മറുപടി നല്കിയാല് മതിയെന്ന ഉദ്യോഗസ്ഥരുടെ ധാരണ തെറ്റാണ്. അപേക്ഷ ലഭിച്ചാല്‍ അടിയന്തരമായി മറുപടി നല്‍കണം. എന്തെങ്കിലും തടസ്സം നേരിടുന്ന സാഹചര്യത്തില്‍ മാത്രമേ മറുപടി 30 ദിവസംവരെ വൈകാന്‍ പാടുള്ളൂ. അപേക്ഷകന്റെ ജീവനും സ്വാതന്ത്ര്യത്തിനും തടസ്സമുണ്ടെന്ന രീതിയിലുള്ള അപേക്ഷകള്‍ക്ക് 48 മണിക്കൂറിനകം മറുപടി നല്‍കേണ്ടതാണെന്നും വിവരാവകാശ കമീഷന് വ്യക്തമാക്കി.
മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ചതിനുശേഷമാണ് ഹിയറിങ് ആരംഭിച്ചത്. ഹിയറിങ്ങിന് ഹാജരാകാത്ത കൊട്ടാരക്കര ജില്ല വിദ്യാഭ്യാസ ഓഫിസര്‍, ചവറ കെ.എം.എം.എല്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ മേയ് 11ന് വിവരാവകാശ കമീഷന് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. അനുമതിയില്ലാതെ ഹാജരാകാതിരുന്ന ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമീഷന് സമന്‍സ് അയക്കും. കൊട്ടിയം സ്വദേശിനി റെജുലബീഗത്തിന്റെ വസ്തു സംബന്ധിച്ച അപേക്ഷയിന്മേൽ തഴുത്തല വില്ലേജ് ഓഫിസിലെ ബേസിക് ടാക്സ് രജിസ്റ്ററും തണ്ടപ്പേര് രജിസ്റ്ററും 1997ന് മുമ്പുള്ള അടിസ്ഥാന രേഖകളും പരിശോധിച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല സര്‍വേ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
വെളിയം ടി.വി.ടി.എം ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര് നിയമനത്തില്‍ കൊട്ടാരക്കര ജില്ല വിദ്യാഭ്യാസ ഓഫിസിന് വീഴ്ചപറ്റിയിട്ടുള്ളതായി കമീഷന് കണ്ടെത്തി. ഇതുസംബന്ധിച്ച് സീനിയര്‍ അധ്യാപകരുടെ പരാതികളും ഹൈകോടതി നിര്‍ദേശവും പാലിച്ച് ആവശ്യമായ തിരുത്തലുകള്‍ നടത്തി കമീഷന് റിപ്പോര്‍ട്ട് നല്‍കാനും കൊട്ടാരക്കര കിഴക്കേക്കരയില്‍ ഒരു സ്കൂളിലെ വിദ്യാര്‍ഥികളുടെ ശൗചാലയവും ശുചീകരണവും സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനകം കൃത്യമായ വിവരം ലഭ്യമാക്കാനും കമീഷന് നിര്‍ദേശിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 17 പരാതികളാണ് പരിഗണിച്ചത്. 13 പരാതികള്‍ തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.