'അഗ്നിപഥ്' റിക്രൂട്ട്മെന്‍റ് റാലിക്ക് വ്യാഴാഴ്ച തുടക്കം
text_fieldsകൊല്ലം: അഗ്നിപഥ് പദ്ധതി പ്രകാരം കരസേനയിൽ അഗ്നിവീർ ആകാൻ അവസരമൊരുക്കുന്ന റിക്രൂട്ട്മെന്‍റ് റാലിക്ക് വ്യാഴാഴ്ച തുടക്കമാകും. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്. രജിസ്റ്റർ ചെയ്തവരുടെ അഡ്മിറ്റ് കാർഡുകൾ ഇ-മെയിൽ വഴി അയച്ചിട്ടുണ്ട്.
ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ അവസാനവട്ട ഒരുക്കം നടക്കുകയാണ്. റിക്രൂട്ട്മെന്‍റിന് വരുന്ന സേന ഉദ്യോഗസ്ഥർക്ക് താമസസൗകര്യം തയാറാക്കിയിട്ടുണ്ട്. ദിനംപ്രതി 2000ത്തോളം ഉദ്യോഗാർഥികൾ റിക്രൂട്ട്മെന്‍റ് റാലിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ കമ്യൂണിറ്റി ഹാളിലാണ് ഉദ്യോഗാർഥികൾക്ക് താമസസൗകര്യം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്നിവീർ (ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ) വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
റിക്രൂട്ട്മെന്‍റ് റാലി 25ന് സമാപിക്കും. തുടർന്ന് 26 മുതൽ 29 വരെ ആർമി റിക്രൂട്ട്‌മെന്റ് റാലി നടക്കും. സോൾജിയർ ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ് / നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമീഷൻഡ് ഓഫിസർ (മതാധ്യാപകൻ) എന്നീ വിഭാഗങ്ങളിലാണ് റിക്രൂട്ട്മെന്‍റ്. കേരളം കൂടാതെ, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളും ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സൗജന്യ സേവനമാണെന്നും ജോലിവാഗ്ദാനവുമായി എത്തുന്നവരെ കരുതിയിരിക്കണമെന്നും കരസേന അധികൃതർ അറിയിച്ചു. കമ്പ്യൂട്ടർവത്കൃതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനോ ഉദ്യോഗാർഥികളെ സഹായിക്കാനോ ആർക്കും കഴിയില്ല. ഉദ്യോഗാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം യഥാർഥ രേഖകളും കരുതണം. സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്യുന്നവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ കൈമാറരുത്.
റിക്രൂട്ട്മെന്‍റ് വാഗ്ദാനം നടത്തുന്ന വ്യക്തികളെക്കുറിച്ച് വിവരം ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷൻ / ആർമി യൂനിറ്റ് / റാലി സ്ഥലത്തെ പരാതി സെൽ എന്നിവയിൽ എവിടെയെങ്കിലും അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.