താലൂക്കിന്റെ നെല്ലറയിൽ ഇടിഞ്ഞുവീഴാറായ കൃഷിഓഫിസ്
text_fieldsകരുനാഗപ്പള്ളി: തഴവ കൃഷി ഓഫിസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. താലൂക്കിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കാവുന്ന തഴവയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നിരവധി പാടശേഖര സമിതികളും, നൂറുകണക്കിന് കർഷകരുമാണുള്ളത്.
നെല്ലുൽപാദനത്തിൽ ജില്ലയിലെതന്നെ മുൻനിര ഗ്രാമമായ തഴവയിലെ കൃഷി ഓഫിസിൽ മതിയായ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ജീവനക്കാർ ശ്വാസം മുട്ടി തൊഴിലെടുക്കേണ്ട അവസ്ഥയാണുള്ളത്.
കർഷകർക്ക് സൗജന്യമായി നൽകുന്ന നെൽവിത്തുകൾ, പച്ചക്കറിതൈകൾ, സബ്സിഡി ഇനത്തിൽ വിൽക്കുന്ന വളങ്ങൾ, വൃക്ഷതൈകൾ എന്നിവ വിതരണത്തിനായി അതത് കൃഷി ഓഫിസുകളിൽ എത്തിക്കുകയാണ് പതിവ്. എന്നാൽ, വാഹനം കയറുന്നതിനോ ലോഡ് ഇറക്കി സൂക്ഷിക്കുന്നതിനോ യാതൊരു മാർഗവുമില്ലാത്ത തഴവ കൃഷി ഓഫിസിന്റെ സ്ഥലപരിമിതി ഗുരുതര വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഏതു നിമിഷവും തകർന്ന് വീഴാൻ സാധ്യതയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൽ കൃഷി ഓഫിസർ ഉൾപ്പെടെ ആറു ജീവനക്കാരാണ് ജീവൻ പണയം വെച്ച് ജോലി നോക്കുന്നത്. ജീവനക്കാർക്ക് ഇരുന്ന് ആഹാരം കഴിക്കുന്നതിനുള്ള സ്ഥലമോ വാഷ്ബേയ്സ് ഉൾപ്പടെ സൗകര്യങ്ങളോ കെട്ടിടത്തിൽ ഇല്ല. ഓഫിസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പാണ് ജീവനക്കാർ വെള്ളത്തിനായി ആശ്രയിച്ചു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.