കാര്‍ഷികമേഖല സ്വയംപര്യാപ്തമാക്കും -മന്ത്രി ചിഞ്ചുറാണി
text_fieldsകൊല്ലം: കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ജില്ലതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷികമേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാന്‍ കാര്‍ഷിക സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ സാധിക്കും. ജില്ലയിലെ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷി ആരംഭിക്കണം.
ഇതിനായി പ്രായഭേദമന്യേ എല്ലാവരും കൃഷിയിലേക്കിറങ്ങണം. വിഷാംശമില്ലാത്ത കാര്‍ഷികകോൽപാദനത്തിലൂടെ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ കഴിയും. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുന്നതിന് നൂതന ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. ജില്ലയിലെ 1420 വാര്‍ഡുകളിലായി 473 താൽക്കാലിക എന്യൂമറേറ്റര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക.
നവംബറില്‍ ആദ്യഘട്ടം ആരംഭിക്കും. പരിശീലന ക്ലാസുകള്‍ക്ക് വകുപ്പുതല ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ആര്‍. ബീനറാണി, ജോയന്റ് ഡയറക്ടര്‍ കെ. ഹലീമാബീഗം, ജില്ല ഓഫിസര്‍ എസ്. ബിന്ദു, ജില്ല ടൗണ്‍ പ്ലാനര്‍ എം.വി ഷാരി, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ രാജലക്ഷ്മി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.