കീമിലെ നാലാം റാങ്ക് തിളക്കവുമായി അജോയ് മാത്യു ഐ.ഐ.ടിയിലേക്ക്
text_fieldsകൊല്ലം: പുത്തൻ ടെക്നോളജിയോടും കൊതിപ്പിക്കുന്ന ഐ.ഐ.ടി കാമ്പസിനോടുള്ള മോഹവും ഫിസിക്സിനോടും കെമിസ്ട്രിയോടുമുള്ള ഇഷ്ടവും പഠനത്തിൽ നിറച്ചുവച്ച അജോയ് മാത്യുവിന് സംസ്ഥാന എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ നാലാം റാങ്കിന്റെ തിളക്കം. രണ്ട് വർഷത്തെ അജോയുടെ കഠിനാധ്വാനം നാലാം റാങ്ക് എന്ന തകർപ്പൻ റിസൾട്ടിൽ എത്തിയതിന്റെ സന്തോഷം നിറഞ്ഞുനിൽക്കുകയാണ് മൺറോതുരുത്തിലെ ചരുവിൽ ബംഗ്ലാവിൽ.
ചെറുപ്പത്തിൽ സി.എ ആവാൻ ആഗ്രഹിച്ചിടത്ത് നിന്നു ട്രാക്ക് മാറ്റി എൻജിനീയറിങ്ങിൽ എത്തിയ അജോയ്, ഐ.ഐ.ടി എന്ന സ്വപ്നവും സത്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലത്തിൽ 2032 -ാം റാങ്ക് സ്വന്തമാക്കിയാണ് ലക്ഷ്യം കൈവരിച്ചത്.
കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ കഴിയില്ലെങ്കിലും ഐ.ഐ.ടി മദ്രാസിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേരാനാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് സംസ്ഥാനത്ത് മുൻനിരയിലെത്തിയത്. ബംഗളൂരു ജി.ആര് ഇന്റര്നാഷനൽ സ്കൂളിൽനിന്ന് 96.4 ശതമാനം മാർക്കുമായാണ് പ്ലസ് ടു പാസായത്.
ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷനൽ സ്കൂളിൽ നിന്ന് പത്താം ക്ലാസിൽ 99 ശതമാനം മാർക്കു വാങ്ങിയാണ് ജയിച്ചത്. ഇവിടെയായിരുന്നു പ്ലസ് വൺ പഠനവും. എൻട്രൻസ് പരിശീലനത്തിനായാണ് ബംഗളൂരുവിലേക്ക് പോയത്. നാഷണൽ ടാലന്റ് സെർച്ച് എക്സാമിലും മികച്ച റാങ്ക് നേടിയിരുന്നു. പഠനത്തിനൊപ്പം ഫുട്ബാളും ക്രിക്കറ്റും കളിക്കുന്നതും ഏറെ ഇഷ്ടപ്പെടുന്ന അജോയ്, ഐ.ഐ.ടി കോളജ് പഠനം ആസ്വദിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്.
ഐ.ഐ.ടി തുറക്കുന്ന എൻജിനീയറിങ് ലോകത്തിലൂടെ മികച്ചൊരു ഭാവിയിലേക്ക് ഉയരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൗമാരക്കാരൻ. ഈസ്റ്റ് കല്ലട സി.വി.കെ.എം.എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റ് സി.ഒ. മാത്യുവാണ് പിതാവ്. അമ്മ ഗ്രേസി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ രണ്ടാം വര്ഷ എം.ബി.ബി.എസ് വിദ്യാര്ഥിയാണ് സഹോദരൻ അമിത് മാത്യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.