പേരാലിന്റെ ശിഖരം ഒടിഞ്ഞുവീണ് വയോധികന് പരിക്ക്
text_fieldsകൊല്ലം: എസ്.എൻ കോളജ് ജങ്ഷനിൽ കൂറ്റൻ പേരാൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ലോട്ടറി വിൽപനക്കാരനായ വയോധികന് പരിക്ക്. കപ്പലണ്ടിമുക്ക് മുൻസിപ്പൽ നഗർ നിവാസിയായ ജോർജ് രാജുവിനാണ് (75) തലക്ക് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.
എസ്.എൻ കോളജ് ജങ്ഷനിൽ റെയിൽവേ ഗേറ്റിന് സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് നിൽക്കുന്ന പേരാലിന്റെ ശിഖരമാണ് ഒടിഞ്ഞത്. കപ്പലണ്ടിമുക്ക് ജങ്ഷനിൽ ലോട്ടറി വിൽപന നടത്തുന്ന ജോർജ് രാജു എസ്.എൻ കോളജ് ജങ്ഷനിലെ കടയിൽനിന്ന് ചായ കുടിച്ച ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം.
ബോധരഹിതനായ ജോർജ് രാജുവിനെ ഓട്ടോയിൽ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തലക്കും വാരിയെല്ലിനും പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയം അതുവഴി കടന്നുപോകുകയായിരുന്ന എ.സി.പി അനുരൂപ് സ്ഥലത്തിറങ്ങി രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകുകയും ഈസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരക്കൊമ്പുകൾ വെട്ടിമാറ്റി.
മൂന്നര മണിക്കൂർ എടുത്താണ് കൊമ്പുകൾ നീക്കിയത്. കൗൺസിലർ നിസാമുദീന്റെ നേതൃത്വത്തിൽ കോർപറേഷന്റെ മണ്ണുമാന്തിയന്ത്രവും മിനിലോറിയും എത്തിച്ച് കൊമ്പുകൾ മാറ്റി. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈനുകളിലെ വൈദ്യുതി വിച്ഛേദിച്ചു.
ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ കപ്പലണ്ടിമുക്കിൽനിന്ന് കടപ്പാക്കട റോഡിലേക്ക് തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.