കൊല്ലത്ത് കുടുങ്ങിയത് അന്തര്‍സംസ്ഥാന വാഹനമോഷണസംഘം
text_fieldsകൊല്ലം: പൊളിച്ചുവിൽക്കുന്നത് ലക്ഷ്യമിട്ട് വ്യാപകമായി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് കടത്തുന്ന അന്തർസംസ്ഥാന മോഷണസംഘത്തെ കുരുക്കി പൊലീസ്. കൊല്ലം നഗരത്തിൽ വാഹനമോഷണം പതിവായതോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലേക്ക് വരെ നീണ്ട മോഷണശൃംഖലയിലെ കണ്ണികളായ ഏഴുപേർ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ രണ്ടുപേരെ പൊലീസ് കൂടുതൽ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ വാങ്ങി. അഞ്ചുപേരെ റിമാൻഡ് ചെയ്തു.
പിനക്കല്‍ തൊടിയില്‍വീട്ടില്‍ അനസ്, ഓയൂര്‍ റാഷിന മന്‍സിലില്‍ റാഷിദ് (33), കരിക്കോട് സാരഥി നഗര്‍-52 ഫാത്തിമ മന്‍സിലില്‍ ഷഹല്‍ (42), വാളത്തുംഗല്‍ വയലില്‍ പുത്തന്‍വീട്ടില്‍ നൗഷാദ് (64), ഉമയനല്ലൂര്‍ അടികാട്ടുവിള പുത്തന്‍വീട്ടില്‍ സലീം (71), തമിഴ്നാട് സ്വദേശികളായ കതിരേശന് (24), കുള്ളന്‍ കുമാര്‍ എന്ന കുമാര്‍ (49) എന്നിവരാണ് പിടിയിലായത്.
വാഹനം മോഷ്ടിക്കുന്നവരും വിൽപനക്ക് സഹായിക്കുന്നവരും തമിഴ്നാട്ടിൽ എത്തിക്കുന്ന ഇടനിലക്കാരനുമാണ് പിടിയിലായത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് മോഷണം പോയ 28 ഇരുചക്രവാഹനങ്ങളും എൻജിനുകളും ബോഡി പാര്‍ട്ട്സുകളും ഉള്‍പ്പടെ കണ്ടെത്തി. കൊല്ലം ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിലും സമീപ ജില്ലകളിലും വരെ ഈ സംഘം മോഷണം നടത്തിയതായാണ് വിവരം. ഈസ്റ്റ് പൊലീസ് സ്റ്റേഷന് തൊട്ടുചേർന്നുള്ള െറയിൽവെസ്റ്റേഷന് പാർക്കിങ് ഏരിയയിൽ നിന്നുള്ളതുൾപ്പെടെ പത്തോളം ഇരുചക്രവാഹന മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ബ്രോക്കര്‍മാരെയും വാഹനങ്ങള്‍ പൊളിച്ച് വില്ക്കുന്നവരെയും വാഹനമോഷണക്കേസുകളില്‍ പ്രതിയായവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫലംകണ്ടത്.
പ്രധാന മോഷ്ടാക്കളിൽ ഒരാളായ മണികണ്ഠൻ, തെങ്കാശിയിൽ വാഹനങ്ങൾ വാങ്ങി പൊളിച്ചുവിൽക്കുന്ന യാഡ് ഉടമ ശെൽവം എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. യാഡിൽ ആയിരക്കണക്കിന് കേരള രജിസ്ട്രേഷൻ വണ്ടികളാണ് ഉള്ളതെന്ന് ഈസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൊല്ലത്തുനിന്ന് നഷ്ടപ്പെട്ട വാഹനങ്ങൾ മാത്രമാണ് തിരികെ എത്തിച്ചത്. സംസ്ഥാനത്തുതന്നെ ഇത്തരത്തിൽ വാഹനങ്ങൾ റിക്കവർ ചെയ്യുന്ന ആദ്യ സംഭവമാണെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.