അഞ്ചൽ ബൈപാസ് 17ന് നാടിന് സമർപ്പിക്കും
text_fieldsഅഞ്ചൽ: രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ അഞ്ചൽ ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മെയ് 17ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബൈപാസ് റോഡ് നാടിന് സമർപ്പിക്കും. ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനം. മെയ് രണ്ടിന് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സ്വാഗതസംഘം രൂപവൽകരണയോഗം നടക്കും.
ആയുർ- അഞ്ചൽ പാതയിൽ പനച്ചവിള കുരിശുംമൂട് മുതൽ ഗണപതിയമ്പലം, കോളറ പാലം വഴി അഞ്ചൽ - പുനലൂർ പാതയിൽ സെൻറ് ജോർജ് സ്കൂളിന് മുൻവശം എത്തിച്ചേരുന്നതാണ് നിർദിഷ്ട ബൈപാസ്. 2.09 കി.മീറ്ററാണ് നീളം.
14 മീറ്റർ വീതിയിലാണ് ക്യാരേജ് വേയുടെ നിർമാണം. സംരക്ഷണഭിത്തികൾ, കാൽനടയാത്രക്കാർക്കായി പ്രത്യേക ഇൻറർലോക്ക് ടൈൽ പാകി കൈവരിയോട് കൂടിയ നടപ്പാതകൾ, ഓടകൾ, ബസ് ബേ, ബസ് ഷെൽട്ടറുകൾ എന്നിവയുടെ നിർമാണവും പൂർത്തീകരിച്ചു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതലം നിർമിച്ചിരിക്കുന്നത്.
റോഡിന്റെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദേശീയ റോഡ് സേഫ്ടി അതോറിറ്റിയുടെ നിർദേശപ്രകാരം റോഡ് മാർക്കിങ്, സീബ്ര ലൈനുകൾ, സൈൻ ബോർഡുകൾ, രാത്രി സമയങ്ങളിൽ റോഡ് തിരിച്ചറിയാനുള്ള സ്റ്റഡുകൾ എന്നിവയുടെ സ്ഥാപിക്കൽ അവസാനഘട്ടത്തിലാണ്. 2004 ലാണ് ബൈപാസിന്റെ സർവെ നടപടി ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളുമാണ് നിർമാണ പ്രവർത്തനത്തെ വർഷങ്ങളോളം നിശ്ചലമാക്കിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു പ്രധാനഘടകമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഫണ്ട് അനുവദിച്ചതോടെയാണ് നിർമാണത്തിന് പുതുജീവൻ വച്ചത്.
ബൈപാസിൽ ഉടനീളം തെരുവുവിളക്ക് സ്ഥാപിക്കാൻ 2.48 കോടി രൂപയുടെ അധിക എസ്റ്റിമേറ്റും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ 60ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അതാത് ഏജൻസികൾ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഇവയുടെ അനുമതി ഉടൻ ലഭ്യമാകുമെന്നും പി. എസ് സുപാൽ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.