തെരുവുനായ്ക്കളുടെ ‘സുഖവാസത്തിന്’ ഒരു കോടി രൂപ
text_fieldsഅഞ്ചൽ: ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തെരുവുനായ്ക്കളുടെ താവളമായി മാറി. അലയമൺ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് ചണ്ണപ്പേട്ട ചന്തയിൽ നിർമിച്ച വിശ്രമമുറി, പൊതു ശൗചാലയം ഉൾപ്പെടെയുള്ള കെട്ടിടം ഇപ്പോൾ താവളമാക്കിയിരിക്കുന്നത് തെരുവുനായ്ക്കളാണ്.
ഏതാനും മാസം മുമ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതിനുശേഷം ഇവ തുറന്നുനൽകിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹരിതകർമസേന ശേഖരിച്ച് കൂട്ടിയിട്ടിട്ടുള്ള ചപ്പുചവറുകൾ ഇതിന് സമീപമാണ് തരംതിരിക്കുന്നത്.
ഇതിനായി മുപ്പതോളം ഹരിതകർമ സേനാംഗങ്ങൾ നിത്യേന ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ഇവർക്ക് വിശ്രമത്തിനോ പ്രാഥമികാവശ്യങ്ങൾക്കോ പോലും ഇവ ഉപകാരപ്പെടുന്നില്ല.
മുറികൾ പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. പഞ്ചായത്തധികൃതരുടെ അനാസ്ഥയാലാണിതെന്നും വിശ്രമമുറിയും പൊതു ശൗചാലയവും തുറന്നു പ്രവർത്തിപ്പിക്കാൻ പഞ്ചായത്തധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.