പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് ബൈക്ക് മോഷ്ടിച്ച ഒരാൾ അറസ്റ്റിൽ
text_fieldsഅഞ്ചൽ: പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽനിന്ന് തന്ത്രപൂർവം രക്ഷപെട്ട് അഞ്ചൽ തഴമേൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിലായി. ഓടനാവട്ടം തുറവൂർ അജയമന്ദിരത്തില്‍ ശ്രീകുമാറിനെയാണ് (28) വര്‍ക്കലയില്‍നിന്ന് അഞ്ചല്‍ പൊലീസ് സാഹസികമായി പിടികൂടിയത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇരുപതിലധികം കേസുകളില്‍ പ്രതിയാണിയാൾ. ഇയാളുടെ കൂട്ടാളിയായ അഞ്ചല്‍ തഴമേല്‍ സ്വദേശി വിനീഷിനെ (19) കഴിഞ്ഞ ദിവസം അഞ്ചല്‍ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശ്രീകുമാറും വിനീഷും ചേര്‍ന്ന് അഞ്ചൽ വക്കംമുക്ക് സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ ബൈക്ക് വീട്ടുമുറ്റത്തുനിന്ന് കവർന്നത്. റബര്ഷീറ്റിനൊപ്പം വളര്‍ത്തുനായയെയും മോഷ്ടിച്ചിരുന്നു. ഈ കേസിൽ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീകുമാര്‍ ലോക്കപ്പ് തുറന്ന് രക്ഷപ്പെട്ട് അഞ്ചലിലെത്തി. ശേഷമാണ് ബൈക്ക് കവർന്നത്.
ഇവിടെനിന്ന് തമിഴ്നാട്ടിലെത്തിച്ച ബൈക്ക് പൊളിച്ച് വിൽപന നടത്തിയശേഷം പളനിയിലെ കടയിൽ ജോലി നോക്കി വരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി പൊലീസെത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തേക്ക് മുങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷന് പരിസരത്തുനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു.
ഈ ബൈക്കിന്റെ നമ്പര്‍ മാറ്റി ഉപയോഗിച്ച് വര്‍ക്കല കോവൂര്‍ ഭാഗത്തെ ലക്ഷംവീട് കോളനിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചു വരവെയാണ് അഞ്ചല്‍ പൊലീസെത്തി ശ്രീകുമാറിനെ പിടികൂടിയത്.
പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴടക്കിയത്. പിടിവലിക്കിടെ വിനോദ്കുമാര്‍, ഷംനാദ് എന്നീ പൊലീസുകാർക്ക് പരിക്കേറ്റു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി നാല് ബൈക്കുകള്‍, രണ്ട് ഓട്ടോകള്‍, ഒരു കാര്‍, നിരവധിയിടങ്ങളില്‍നിന്ന് റബര്‍ ഷീറ്റുകള്‍, വളര്‍ത്തുനായ്ക്കൾ എന്നിവയടക്കം മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയാണിയാൾ.
ഒളിവില്‍ പോകുന്നയിടങ്ങളില്‍ യുവാക്കളെ കണ്ടെത്തി മദ്യവും കഞ്ചാവും വാങ്ങി നല്കി ഒപ്പം കൂട്ടി സംഘത്തില്‍ കൂടുതല്‍ ആളുകളെ ചേർക്കും. പിന്നീട്, വലിയ മോഷണങ്ങള്‍ നടത്തി ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതിയെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, ഗ്രേഡ് എസ്.ഐ മുരഹരി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാര്‍, അനില്‍, പ്രിന്‍സ്, ഷംനാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.