ഉദ്ഘാടനം കഴിയാത്ത അഞ്ചൽ ബൈപാസിൽ അപകടം
text_fieldsഅഞ്ചൽ: അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്ന അഞ്ചൽ ബൈപാസ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. അഞ്ചൽ ഗണപതിയമ്പലത്തിന് സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ബൈപാസ് റോഡിലൂടെ അഗസ്ത്യക്കോട് ഭാഗത്ത് നിന്നുവന്ന കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
അഞ്ചൽ വെസ്റ്റ് സ്കൂൾ റോഡിൽനിന്ന് ഇറങ്ങി വന്ന് ബൈപാസിലേക്ക് കയറിയ ബൈക്കിൽ കാർ ഇടിക്കുകയും നിയന്ത്രണം വിട്ട കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് റോഡിന്റെ കൈവരിയിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. സമീപത്തെ ക്ഷേത്രത്തിലും പരിസരത്തുമുണ്ടായിരുന്നവർ ഓടിയെത്തി ഇരുചക്രവാഹനങ്ങളിലേയും കാറിലേയും യാത്രികരെ അഞ്ചലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബൈപ്പാസിൽ ഉണ്ടാകുന്ന ആദ്യത്തെ വാഹനാപകടമാണ് ഇതെന്ന് പറയപ്പെടുന്നു. ഏതാനും ദിവസം മുമ്പുവരെ റോഡ് നിർമാണ സാമഗ്രികളും മറ്റുംവെച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. എന്നാൽ നിർമാണത്തിന്റെ അന്ത്യഘട്ടമെത്തിയപ്പോഴേക്കും തടസ്സങ്ങൾ നീങ്ങി.
വലിയ വാഹനങ്ങൾ ഒഴികെ മറ്റെല്ലാ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നതിനാൽ റോഡിൽ ഇപ്പോൾ നല്ല ഗതാഗതത്തിരക്കാണനുഭവപ്പെടുന്നത്. ഇടറോഡുകൾ ചേരുന്ന സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിച്ച് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.