പടിഞ്ഞാറ്റിൻകര ലക്ഷംവീട് കോളനിയിൽ കഞ്ചാവ് മാഫിയ സജീവം
text_fieldsഅഞ്ചൽ: ഇടമുളക്കൽ പടിഞ്ഞാറ്റിൻകര ലക്ഷംവീട് കോളനിയും പരിസരവും കഞ്ചാവ് മാഫിയ താവളമാക്കുന്നതായി പരാതി. ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് സംഘമെത്തുന്നത്. കഞ്ചാവ് ചെറു പൊതികളാക്കിയും ബീഡി, സിഗററ്റ് എന്നിവയിൽ നിറച്ചുമാണ് വിതരണം ചെയ്യുന്നത്.
കൂലിവേലക്കും കശുവണ്ടി ഫാക്ടറികളിലും പോകുന്ന സ്ത്രീകളുള്ള വീടുകളിലെ ജോലിക്ക് പോകാത്ത പുരഷന്മാരേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് സംഘങ്ങളുടെ പ്രവർത്തനം. ലഹരി വിൽപനയെ ചോദ്യം ചെയ്യുകയോ എതുിർക്കുകയോ ചെയ്യുന്നവരെ മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പ്രദേശത്ത് പതിവ് കാഴ്ചയായി തുടരുകയാണ്.
ഏതാനും ദിവസം മുമ്പ് മദ്യപിച്ച് വീട്ടിൽ ബഹളംവച്ചയാളിനെതിരെ പ്രതികരിച്ച അയൽവാസിയായ വീട്ടമ്മക്ക് നേരെ അസഭ്യവർഷവും നഗ്നതാ പ്രദർശനവുമുണ്ടായി. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബൈക്കുകളിൽ കോളനിയിലെത്തിയ അപരിചിത സംഘത്തെപ്പറ്റി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് മിന്നൽ പരിശോധനക്കെത്തിയെങ്കിലും പൊലീസിനെക്കണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പ്രദേശവാസിയായ ഒരാളെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഇയാൾ തന്‍റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. രാത്രി കാലങ്ങളിൽ ഇവിടെ മദ്യം, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പന നടക്കാറുണ്ടെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.