മലമേലിൽ വീണ്ടും ചന്ദന മോഷണശ്രമം
text_fieldsഅഞ്ചൽ: മലമേലിൽനിന്ന് വീണ്ടും ചന്ദന മരങ്ങൾ മുറിച്ചുകടത്താൻ ശ്രമം. മലമേൽ ക്ഷേത്രത്തിന് കിഴക്ക് വശത്തെ റവന്യൂ ഭൂമിയിൽ വളർന്ന രണ്ട് മൂട് ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കൾ മുറിച്ചുമാറ്റിയത്. എന്നാൽ, മരം മുറിക്കുന്ന ശബ്ദംകേട്ട് നാട്ടുകാർ എത്തിയതിനാൽ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
60 ഇഞ്ച് ചുറ്റുവണ്ണമുള്ള തടികളാണ് മുറിച്ചിട്ടത്. ഏതാനും മാസം മുമ്പ് ഇവിടെനിന്ന് മുറിച്ചുകടത്തിയ കുറ്റിയിൽ വളർന്ന തടിയാണ് മുറിച്ചു മാറ്റപ്പെട്ടവയിൽ ഒരെണ്ണം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി നടപടിയെടുത്തു.
ഇവിടത്തെ റവന്യൂ, ദേവസ്വം, സ്വകാര്യ ഭൂമിയിൽ നൂറുകണക്കിന് ചന്ദന മരങ്ങൾ വളരുന്നുണ്ട്. എന്നാൽ, ഇവയെ സംരക്ഷിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സർക്കാർ ഭൂമിയിൽനിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ച് കടത്തുന്നത് പതിവാണെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ട റവന്യൂ, ഫോറസ്റ്റ്, പൊലീസ് അധികൃതർ അലംഭാവം കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടിയും നിയമ നടപടിയും സ്വീകരിക്കുമെന്നും മലമേൽ പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.