നാഥനില്ലാക്കളരിയായി ആയൂർ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ
text_fieldsഅഞ്ചൽ: ആയൂർ കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് സെന്ററിന്റെ നിയന്ത്രണ ചുമതലയിൽനിന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പിൻവാങ്ങിയതോടെ താളംതെറ്റി പ്രവർത്തനം. ഇടമുളയ്ക്കൽ പഞ്ചായത്ത് 2006ലാണ് ഇവിടെ കെട്ടിടം നിർമിച്ച് സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ബസ് ഓപറേറ്റിങ് സെന്ററിനു വേണ്ടി വിട്ടുകൊടുത്തത്.
സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. അടൂർ-ആയൂർ, നെടുമങ്ങാട്-ആയൂർ മുതലായ ചെയിൻ സർവിസുകളുൾപ്പെടെ നിരവധി സർവിസുകളാണ് ഇവിടെനിന്ന് ഓപറേറ്റ് ചെയ്തിരുന്നത്. കൂടാതെ, രാത്രികാല സ്റ്റേ ബസുകളും ഉണ്ടായിരുന്നു.
എന്നാൽ, ഒരു വർഷത്തോളമായി ഇവിടെനിന്ന് ജീവനക്കാരെയെല്ലാം കെ.എസ്.ആർ.ടി.സി പിൻവലിച്ചു. ഇതോടെ ഓഫിസും പരിസരവും സാമൂഹിക വിരുദ്ധർ കൈയേറിയിരിക്കുകയാണ്. ചെയിൻ സർവിസ് ബസുകളിലെ ജീവനക്കാർക്ക് ഇവിടെയെത്തി വിശ്രമിക്കുന്നതിനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനോ പറ്റാത്ത സ്ഥിതിയാണിപ്പോൾ.
കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതിനെത്തുടർന്ന് വൈദ്യുതിയും അധികൃതർ വിച്ഛേദിച്ചിരുന്നു. വ്യാപാരി വ്യവസായികൾ ഇടപെട്ട് പണമടച്ചതിനു ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനമല്ലെന്ന ഓഡിറ്റ് ഒബ്ജഷൻ റിപ്പോർട്ടിനെത്തുടർന്നാണ് പഞ്ചായത്തധികൃതർ ഇവിടത്തെ വൈദ്യുതി ചാർജ് ഒടുക്കാതിരുന്നത്. ഇതോടെ വെളിച്ചവും വെള്ളവും മുടങ്ങിയ സ്ഥിതിയിലുമെത്തി.
നിലവിൽ ഇവിടെ വന്നുപോകുന്ന വാഹനങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല. പ്രൈവറ്റ് ബസുകളും ഓട്ടോറിക്ഷകളും ഇരു ചക്രവാഹനങ്ങളും ഇവിടെ യഥേഷ്ടം പാർക്ക് ചെയ്യുകയാണ്. ഇതു ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.