നിരോധിത പുകയില ഉൽപന്നങ്ങൾ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ
text_fieldsഅഞ്ചൽ: നിരോധിത പുകയില ഉൽപന്നങ്ങൾ വൻതോതിൽ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഏരൂർ പഞ്ചായത്തിലെ കരിമ്പിൻകോണം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെ ചെറുതോട്ടിലെ കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ചാക്കുകെട്ടുകളിലും കടലാസ് പെട്ടികളിലുമായി പുകയില ഉൽപന്നങ്ങൾ കാണപ്പെട്ടത്.
തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവുമുണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് ചാക്കുകെട്ടുകൾ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് ഏരൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നിരോധിത ഉൽപന്നങ്ങളടങ്ങിയ ചാക്കുകെട്ടുകൾ പിക്-അപ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു.
ഏരൂർ പൊലീസ് ഏതാനും ദിവസമായി നടത്തി വരുന്ന ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ ഫലമായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും റെയ്ഡ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിടിക്കപ്പെടുമെന്ന് കരുതി മൊത്ത വിതരണക്കാർ ഉപേക്ഷിച്ചതാകാം പുകയില ഉൽപന്നങ്ങളെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.