മുംെബെയിൽ പോകുന്നതിനായി ഒരുക്കിവെച്ച പണവും സ്വർണ്ണവും മോഷ്ടിച്ചു; അയൽ വീട്ടിൽ നിന്നും പഴക്കുലയും കണാതായി
text_fieldsഅഞ്ചൽ: ഇടയത്ത് ഒരു വീട്ടിൽ നിന്നും ആറ് പവൻ സ്വണ്ണമാലയും 12,000 രൂപയും കവർന്നു. ഇടയം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം രാധാമന്ദിരത്തിൽ ഭാരതിയമ്മയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണവും പണവും നഷ്ടമായത്. ഈ വീടിന് സമീപത്ത് തിരുവാതിരയിൽ പ്രസാദ്, ഇടയം മാധവ സദനത്തിൽ സുഗതൻ എന്നിവരുടെ വീടുകളിൽ മോഷണശ്രമവും നടന്നു.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കും പുലർച്ചെ അഞ്ച്മണിക്കുമിടയിലാണ് ഭാരതിയമ്മയുടെ വീട്ടിൽ മോഷണം നടന്നതെന്ന് കരുതുന്നു. കടപ്പുമുറിയിൽ മേശപ്പുറത്ത് വച്ചിരുന്ന സ്വർണ്ണവും പണവുമടങ്ങുന്ന ബാഗ്, ജനൽ തുറന്ന് ഈറ്റക്കമ്പ് തോട്ടിയാക്കി മുറിയിൽ നിന്നും മോഷ്ടാക്കൾ വലിച്ചെടുത്താണ് അപഹരി ക്കപ്പെട്ടതെന്ന് ഭാരതിയമ്മ പറഞ്ഞു. പുലർച്ചെ കുടുംബസമേതം മുംബെയിൽ ബന്ധുവീട്ടിലേക്ക് പോകുന്നതിനായി പണവും സ്വർണ്ണവും മറ്റ് രേഖകളും സാധനങ്ങളും തയ്യാറാക്കി വച്ചിരുന്നതാണത്രേ.
വീട്ടുപരിസരത്ത് ഒഴിഞ്ഞ പേഴ്സ്, ഹാൻറ് ബാഗ്, ഈറ്റക്കമ്പുകൾ മുതലായവ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. പ്രസാദിന്‍റെ വീട്ടിൽ നിന്നും ഒരു വെട്ടുകത്തിയും കറുത്ത ഷർട്ടും നഷ്ടപ്പെട്ടതായും ഒരു പട്ടികക്കഷണം വീട്ടുമുറ്റത്തു കിടന്നതായും പ്രസാദ് പൊലീസിൽ മൊഴി നൽകി.
ഇടയം മുതുവാനത്ത് ജംഗ്ഷന് സമീപം മാധവ സദനത്തിൽ സുഗതന്‍റെ വീട്ടിലും മോഷണം ശ്രമം നടന്നു. സുഗതന്‍റെ മാതാവ് കിടന്ന മുറിയുടെ ജനലിൽകൂടി മോഷ്ടാവ് കൈ ഇടുന്നതിനിടെ, ഉണർന്ന മാതാവ് ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
വീട്ടിനോട് ചേർന്ന് വച്ചിരുന്ന ഏത്തക്കുല കാണാതായെന്നും വീട്ടുമുറ്റത്തു കാണപ്പെട്ട പഴത്തൊലി കള്ളൻ തിന്നതാവാമെന്നും സംശയിക്കുന്നു. പുനലൂർ ഡി.വൈ.എസ്.പി വിനോദ്, അഞ്ചൽ എസ്.എച്ച്.ഒ കെ.ജി.ഗോപകുമാർ, പ്രിൻസിപ്പൽ എസ്.ഐ ജ്യോതിസ്, ഗ്രേഡ് എസ്.ഐമാരായ ഷാജഹാൻ, ജോൺസൺ, മഹേഷ്, അലക്സാണ്ടർ, സന്തോഷ്, ഫിംഗർപ്രിന്‍റ് വിദഗ്ദ്ധർ, ഡോഗ് സ്കോകോഡ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.