ചിറ നവീകരിച്ചത് പരിസരവാസികൾക്ക് തലവേദനയായി
text_fieldsഅഞ്ചൽ: നീന്തൽ പരിശീലനത്തിനും ജലസേചനത്തിനും വേണ്ടി ലക്ഷങ്ങൾ മുടക്കി ചിറ നവീകരിച്ചത് ദുരിതമായെന്ന് നാട്ടുകാരുടെ പരാതി. വർഷങ്ങളായി നാശോന്മുഖമായി കിടന്ന ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ ചിറ പി.എസ്. സുപാൽ എം.എൽ.എയുടെ നിർദേശപ്രകാരം കെ.എൽ.ഡി.സി ഏറ്റെടുത്ത് പതിനെട്ടര ലക്ഷത്തോളം രൂപ മുടക്കി നവീകരിക്കുകയായിരുന്നു. ചിറയിലെ ചളി നീക്കം ചെയ്തതിനൊപ്പം കൽപ്പടവുകളും മറ്റും പുനർനിർമിക്കുകയും ചെയ്തു. അധിക ജലം ഒഴുകിപ്പോകുന്നതിനും നാട്ടുകാർക്ക് കുളിക്കുന്നതിനും കഴുകുന്നതിനുമുള്ള ക്രമീകരണവുമൊരുക്കി. വരൾച്ചക്കാലത്ത് വെള്ളം വറ്റാതിരിക്കാൻ മധ്യഭാഗത്ത് ആഴം കൂട്ടുകയും ഈ ഭാഗത്തേക്ക് ആളുകൾ ഇറങ്ങി അപകടത്തിൽപെടാതിരിക്കാനായി ഇരുമ്പു പൈപ്പുകൾ കൊണ്ട് പ്രത്യേക വേലി നിർമിച്ച് വേർതിരിക്കുകയും ചെയ്തു.
എന്നാൽ, നാടിന്റെ പല ഭാഗത്തുനിന്നായി വരുന്ന വിദ്യാർഥികളും അല്ലാത്തവരുമായ ആളുകൾ ചിറയിൽ കുളിക്കാനിറങ്ങുന്നതും ആഴംകൂടിയ ഭാഗത്ത് അപകടത്തിൽപെടുന്നതും നിത്യസംഭവമായി മാറി. പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് പലരുടെയും ജീവൻ രക്ഷിക്കുന്നത്. കുളിക്കാനെന്ന വ്യാജേന ഇവിടെയെത്തുന്നവർ വെള്ളത്തിലിറങ്ങി നഗ്നതാപ്രദർശനം നടത്തുന്നതായി പരാതിയുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ആക്രമിക്കുന്നതും പതിവാണ്. ചിറയുടെ കൽപ്പടവുകളിലിരുന്ന് മദ്യപിക്കുകയും കുപ്പികൾ എറിഞ്ഞുടച്ചിടുന്നതും വർധിച്ചിട്ടുണ്ട്. ഏരൂർ പൊലീസിന്റെ ശ്രദ്ധയുണ്ടാകണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.