മലമേൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജനത്തിരക്ക്
text_fieldsഅഞ്ചൽ: ഡി.ടി.പി.സിയുടെ മലമേൽ ടൂറിസംകേന്ദ്രത്തിൽ വൻ ജനത്തിരക്ക്. ഓണാവധി പ്രമാണിച്ചുള്ള അവധി ആഘോഷിക്കാൻ കുടുംബസമേതമാണ് സന്ദർശകർ ഇവിടേക്കെത്തുന്നത്. പ്രകൃതിദത്തവും വിശാലവുമായ പാറപ്പരപ്പും പുൽക്കാടുകളും പാറയിടുക്കുകളും വള്ളിക്കുടിലുകളും ഇളങ്കാറ്റും ഇവിടത്തെ പ്രത്യേകതയാണ്. പല പേരുകളിലറിയപ്പെടുന്ന ചെറുതും വലുതുമായ പാറകളിൽനിന്ന് പട്ടം പറത്തുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കാണ്. പാറപ്പരപ്പിൽ സ്ഥാപിച്ചിട്ടുള്ള കൽബഞ്ചുകളിലിരുന്നും സമയം ചെലവിടാം.
ഇവിടത്തെ പ്രധാന ആകർഷകമായ നാടുകാണിപ്പാറയിലേക്കുള്ള പ്രവേശനവഴിയിലൂടെയുള്ള കയറിപ്പോക്കും തിരിച്ചുള്ള മടക്കവും സാഹസികത നിറഞ്ഞതാണ്. രണ്ട് വലിയ പാറകൾക്കിടയിലൂടെ ഒരാൾക്ക് മാത്രം കടന്നുപോകാൻ പറ്റുന്നതാണ് ഈ വഴി. വൈകീട്ട് ഏഴുമണി വരെ മാത്രമാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്.
ഓണത്തിനുപുറമെ നബിദിനം, വിശ്വകർമ ജയന്തി ദിനം എന്നീ അവധിദിനങ്ങൾ കൂടി ഒത്തുവന്നതിനാൽ വീട്ടിലുള്ളവരെല്ലാം ഒരുമിച്ചാണ് അവധി ആഘോഷിക്കുന്നതിന് മലമേലിൽ എത്തുന്നത്. അതിനാൽ ഡി.ടി.പി.സിക്ക് വരുമാനവർധനയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.