തെന്മല ഡാമിൽ മധ്യവയസ്കൻ മരിച്ചത് കൊലപാതകം; പ്രതികൾ അറസ്റ്റിൽ
text_fieldsഅഞ്ചൽ: തെന്മല ഡാമിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കുളത്തൂപ്പുഴ സാംനഗര്‍ സജി വിലാസത്തില്‍ സജി (അച്ചു -50), സാംനഗര്‍ കുഴിവിളക്കരിക്കം വയലിറക്കത്ത് വീട്ടില്‍ സജി (43) എന്നിവരെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ചുവിനെ മലപ്പുറത്തുനിന്നും സജിയെ കർണാടകയിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
2019 ജൂലൈയിലാണ് കുളത്തൂപ്പുഴ സാംനഗർ ചരുവിള വീട്ടിൽ ഗോപി (55)യുടെ മൃതദേഹം തെന്മല പരപ്പാര്‍ ജലസംഭരണിയിലെ ഇടിമുഴങ്ങാംപാറയില് കാണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടരവേ ഗോപിയുടെ ഭാര്യ വത്സലയും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിക്കുകയും റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അഞ്ചല്‍ പൊലീസിന് കേസ് കൈമാറുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് തെളിയുകയുണ്ടായി. സംഭവദിവസം മൂവരും ചേർന്ന് ഇടിമുഴങ്ങാംപാറ പ്രദേശത്തിരുന്ന് മദ്യപിക്കുകയും പിന്നീടുണ്ടായ വാക്കേറ്റത്തിൽ ഗോപിയെ മീൻവല കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി വെള്ളത്തിലേക്ക് തള്ളുകയുമായിരുന്നുവെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, രൂപേഷ്, ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദ്, അഞ്ചല്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍, കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ ബി. അനീഷ്, എസ്.ഐ ബാലസുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ സംഭവം നടന്ന വനമേഖലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.