മലയോര മേഖലയിൽ വളർത്തു മൃഗങ്ങളെ കാണാതാകുന്നു
text_fieldsഅഞ്ചൽ: എണ്ണപ്പനത്തോട്ടം ഉൾപ്പെടെ മലയോര മേഖലയിൽ നിന്ന് വളർത്തുമൃഗങ്ങൾ കാണാതാകുന്നത് വർധിക്കുന്നുവെന്നും പിന്നിൽ മാഫിയാ സംഘങ്ങളാണെന്നും നാട്ടുകാർ. എണ്ണപ്പനത്തോട്ടത്തിലും മറ്റും മേയാൻ വിടുന്ന വളർത്തുമൃഗങ്ങളിൽ പലതും വൈകുന്നേരങ്ങളിൽ തിരികെയെത്താറില്ല.
ഇവയെ കൊള്ളസംഘങ്ങൾ പിടികൂടി കശാപ്പ് ചെയ്ത് കാട്ടിറച്ചിയെന്ന വ്യാജേന വൻ വിലക്ക് നാട്ടുമ്പുറങ്ങളിലെത്തിച്ച് വിതരണം നടത്തുകയാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കെട്ടുപ്ലാച്ചിയിലെ എണ്ണപ്പന ക്വാർട്ടേഴ്സിലെ താമസക്കാരായ സരസമ്മയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ ഇറച്ചി കടത്തു സംഘം കടത്തിക്കൊണ്ടു പോയെന്ന് പരാതിയുയർന്നിരുന്നു.
ചർമ്മ മുഴ ബാധിച്ചതിനെത്തുടർന്ന് തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന പശുവിനെ വീട്ടിൽ ആളില്ലാത്ത സമയത്താണ് കടത്തിക്കൊണ്ടുപോയതത്രേ. ഇത് സംബന്ധിച്ച് സരസമ്മ ഏരൂർ പൊലീസിൽ പരാതി നൽകി.
വനപാലകരുടെ കണ്ണ് വെട്ടിച്ച് വനത്തിനുള്ളിൽ പ്രവേശിച്ച് വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. പ്രതികരിക്കുന്ന നാട്ടുകാരെ ഇവർ ഭീഷണിപ്പെടുത്തുകയോ മർദിക്കുകയോ ചെയ്യുമെന്നുള്ളതിനാൽ നാട്ടുകാർ നിസ്സഹായരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.