അഞ്ചലിൽ മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നു
text_fieldsഅഞ്ചൽ: കിഴക്കൻ മേഖലയിലെ പ്രധാന ചെറുപട്ടണമായ അഞ്ചലിൽ മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നു. അടുത്ത കാലത്തായി ഇവിടെ പിടിക്കപ്പെട്ട കേസുകൾ നിരവധിയാണ്. കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ജില്ലയിൽ കൂടുതൽ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സ്ഥലമാണ് അഞ്ചൽ. ഇവിടെയുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലോബി പ്രവർത്തിക്കുന്നത്.
അഞ്ചൽ ചന്തമുക്കിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ആർ.ഒ ജങ്ഷൻ, കോളജ് ജങ്ഷൻ, ടൗണിൽ എത്തിച്ചേരുന്ന ഇടറോഡുകൾ എന്നിവിടങ്ങൾ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെന്ന പോലെയാണ് ഏജന്‍റുമാർ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നത്. അഞ്ചലിലെ ഹോട്ടലുകളിലും ബേക്കറികളിലും പണിയെടുക്കുന്ന വടക്കൻ ജില്ലക്കാരായ യുവാക്കളായ തൊഴിലാളികളും മയക്കുമരുന്ന് ലോബിയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരാണെന്ന് പിടിയിലായവർ തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കോളനികൾ കേന്ദ്രീകരിച്ചും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നും വ്യാജമദ്യവും വൻതോതിൽ കച്ചവടം നടത്തുന്നതും പതിവാണ്. ഇതിന്‍റെ പ്രധാനികൾ പലപ്പോഴും പൊലീസിന്‍റെയും എക്സൈസിന്‍റെയും പിടിയിലാകുമെങ്കിലും കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തുവന്ന ശേഷം വീണ്ടും മയക്കുമരുന്നും മദ്യവും കച്ചവടം നടത്തിവരുന്നതും അധികൃതർക്കും നാട്ടുകാർക്കും തലവേദനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.