അധികൃതരുടെ അനാസ്ഥയിൽ റോഡ് നിർമാണം മുടങ്ങി; ജനം ദുരിതത്തിൽ
text_fieldsഅഞ്ചൽ: ഭരണാനുമതി ലഭിച്ച റോഡുകളുടെ നവീകരണ ം അധികൃതരുടെ അനാസ്ഥ മൂലം തടസ്സപ്പെട്ടതായി നാട്ടുകാർ. ഉമ്മന്നൂർ പഞ്ചായത്തിലെ മരങ്ങാട്ടുകോണം - ആറ്റൂർക്കോണം, വൈങ്കോട്ടൂർ-ആറ്റൂർക്കോണം റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് മുടങ്ങിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകി.
2022 സെപ്തംബർ 23ന് ഇരുപാതകളുടേയും നവീകരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതാണ്. ഇഞ്ചക്കാട് സ്വദേശിയായ കരാറുകാരനാണ് 2022 ഡിസംബറിൽ കരാർ ഏറ്റെടുത്തത്. തുടർന്ന് പ്രവൃത്തി ആരംഭിക്കുന്നതിനായി കരാറുകാരൻ പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ കൂടുതൽ റോഡ് ഭാഗങ്ങൾ പൊളിഞ്ഞു കിടക്കുന്നതിനാൽ ഈ ഭാഗത്ത് ടാറിങ് നടത്തണമെന്ന് കരാറുകാരനോട് നിർവഹണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവത്രെ.
എന്നാൽ, എസ്റ്റേറിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ മാത്രമേ ചെയ്യാൻ നിർവാഹമുള്ളൂവെന്ന് കരാറുകാരൻ രേഖാമൂലം നിർവഹണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടർന്ന് റിവൈസ് ചെയ്ത എസ്റ്റിമേറ്റ് നിർവ്വഹണോദ്യോഗസ്ഥർ കലക്ടർക്ക് കഴിഞ്ഞ ജൂൺ 22ന് സമർപ്പിച്ചു. ഫ്ലഡ് ഫണ്ട് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ച് കരാർ എഗ്രിമെൻ്റ് വയ്ക്കേണ്ട കാലാവധി ആറ് മാസവും പ്രവൃത്തി പൂർത്തീകരണം എഗ്രിമെൻ്റ് തീയതി മുതൽ 18 മാസവുമാണ്. എന്നാൽ, എസ്റ്റിമേറ്റ് റിവിഷൻ വേണ്ടതിനാൽ കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വീണ്ടും നീട്ടിക്കിട്ടാൻ കലക്ടറുടെ അനുമതി തേടി. പുതുക്കിയ എസ്.ഡി.ആർ.എഫ് മാനദണ്ഡപ്രകാരം ടാർ റോഡ് കോൺക്രീറ്റ് ചെയ്യാൻ അനുമതിയില്ല. കുറഞ്ഞ റേറ്റിൽ ടാറിംഗ് നടത്തുവാൻ കഴിയില്ലെന്നാണ് കരാറുകാരനും പറയുന്നത്. യാത്രാദുരിതം ഏറിയതോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ തദ്ദേശ അദാലത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇതുപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയ സമയത്തുണ്ടായ അപാകത മൂലമാണ് യഥാസമയം പ്രവൃത്തി നടപ്പാക്കാൻ കഴിയാതെ പോയതെന്നും പുതുക്കിയ ഭരണാനുമതിക്കായി അപേക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ ഭരണാനുമതി ലഭിക്കുന്ന മുറക്ക് തുടർ നടപടിയെടുത്ത് പദ്ധതി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാൻ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ, 2021-22 ൽ അനുവദിച്ച രണ്ട് പ്രവൃത്തികളും ഇതുവരെ തുടങ്ങാത്തതു കൊണ്ട് ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ നിർദ്ദേശിക്കപ്പെട്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കാനും ഇനിയും കാലതാമസം വരാതെ പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി എം.ബി രാജേഷ് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
അടുത്തിടെ പെയ്ത മഴ മൂലം റോഡിലുടനീളം വെള്ളം കെട്ടി നിന്ന് ചെളി നിറഞ്ഞതുമായതിനാൽ ഈ പാതകളിലൂടെയുള്ള യാത്ര അസാധ്യമായി. പ്രദേശവാസികൾ മറ്റ് പാതകളിലൂടെ അധികദൂരം സഞ്ചരിച്ചാണ് എം.സി റോഡിലും തിരികെയും എത്തുന്നത്. ഈ ദുരിതത്തിന് എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധം നടത്തുന്നതിനുള്ള മുന്നൊരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.