ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദം
text_fieldsഅഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ലെറ്റർപാഡിൽ സെക്രട്ടറിയുടെ ഒപ്പും സീലും പതിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനീയർ മറ്റൊരാൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയത് വിവാദത്തിൽ. ഇതുസംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ നടന്ന ചർച്ചയിൽ സെക്രട്ടറി നൽകിയ വിശദീകരണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.
തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റ് എൻജിനീയറാണ് സെക്രട്ടറിയുടെ ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്ത് ഒരാൾക്ക് മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചയാൾ ഇവിടെ കരാറടിസ്ഥാനത്തിൽ ജോലിനോക്കിയിട്ടില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുന്നു. സംഭവം വിവാദമായതിനെതുടർന്ന് കഴിഞ്ഞ മാസം 25 ന് സെക്രട്ടറി ആരോപണ വിധേയയായ എൻജിനീയർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഈ മാസം മൂന്നിന് എൻജിനീയർ നൽകിയ മറുപടിയിൽ തന്റെ അറിവില്ലായ്മയും ഭരണപരമായ പരിചയക്കുറവും മൂലം സംഭവിച്ചതാണെന്നും മേലിൽ ആവർത്തിക്കില്ലെന്നും ഉറപ്പു നൽകുകയായിരുന്നു. ഗുരുതരമായ കുറ്റത്തെ ലാഘവത്തോടെ സെക്രട്ടറി കൈകാര്യം ചെയ്തുവെന്നാണ് യു.ഡി.എഫ് ആരോപണം. കുറ്റം ചെയ്തയാളെ സഹായിക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതായി ഗ്രാമപഞ്ചായത്തംഗങ്ങളായ രാജീവ് കോശി, വി.എസ്. റാണ, വിൽസൺ ഏബ്രഹാം നെടുവിളയിൽ, എം. ബുഹാരി, വിളയിൽ കുഞ്ഞുമോൻ , അമ്മിണി രാജൻ, ആർ. വിജയലക്ഷ്മി, തുളസിദായി അമ്മ, ജോളി കെ. റെജി, പ്രസന്നകുമാരി അമ്മ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.