ഇലക്ട്രിസിറ്റി ഓഫിസിൽനിന്ന് ലഭിച്ച രേഖകളിൽ കൃത്രിമം
text_fieldsഅഞ്ചൽ: വിവരാവകാശ നിയമപ്രകാരം വാളകം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽനിന്ന് ലഭിച്ച രേഖകളിൽ കൃത്രിമം നടന്നതായി തെളിവുകൾ. 2022 ജൂലൈ മാസത്തിൽ ഈ ഓഫിസിൽ എത്ര ഉദ്യോഗസ്ഥർ സേവനമനുഷ്ടിച്ചുവെന്ന ചോദ്യത്തിന് 26 പേർ എന്നാണ് ലഭിച്ച മറുപടി.
എന്നാൽ, അതേ മാസത്തിൽ 31 പേർ ഹാജർ ബുക്കിൽ ഒപ്പിട്ടതായുള്ള രേഖയും നൽകിയിട്ടുണ്ട്. പരാതി രജിസ്റ്ററിന്റെ പകർപ്പിൽ ആഗസ്റ്റ് എട്ട്, ഒമ്പത് എന്നീ തീയതികളിൽ ഫോൺ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥ അതുല്യ എന്നാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഇങ്ങനെയൊരാൾ ഹാജർ ബുക്കിലോ ജീവനക്കാരുടെ ലിസ്റ്റിലോ ഇല്ല.
മാത്രവുമല്ല അറ്റെൻന്റസ് രജിസ്റ്ററിൽ ആഗസ്റ്റ് എട്ടിന് ആരും ഡ്യൂട്ടിയിലില്ലായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേദിവസം 26 പേരുടെ ഹാജർ കാഷ്വൽ ലീവ് എന്നത് തിരുത്തി ആബ്സൻറ് എന്നാക്കിയും ബാക്കിയുള്ളത് കാഷ്വൽ ലീവ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഫോണിൽ വിളിച്ചു പറയുന്ന പരാതികളെല്ലാം പരാതി രജിസ്റ്ററിൽ രേഖപ്പെടുത്താറുമില്ല. ഡ്യൂട്ടി സമയത്ത് അനധികൃതമായി ‘മുങ്ങുന്ന ’ ജീവനക്കാർ തിരികെയെത്തുമ്പോൾ ഏതെങ്കിലുമൊരു വ്യാജപേരിൽ പരാതി എഴുതിയിടുകയാണ് പതിവെന്നും നാട്ടുകാരുടെ പരാതിയുണ്ട്. വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരങ്ങൾ നൽകിയതിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വിവരാവകാശ പ്രവർത്തകരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.