അഞ്ചൽ ചന്തയിൽ തീപിടുത്തം; കടകൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്
text_fieldsഅഞ്ചൽ: അഞ്ചൽ ചന്തയിൽ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ചന്തയ്ക്കുള്ളിൽ ഹരിതകർമ്മ സേന ശേഖരിച്ച് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൻ്റെ ഒരു ഭാഗത്താണ് ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് നാട്ടുകാരും കച്ചവടക്കാരും ചേർന്ന് അണച്ചിരുന്നു. എന്നാൽ പതിനൊന്ന് മണിയോടെ വീണ്ടു വൻതോതിൽ തീ പടർന്നുപിടിക്കുകയായിരുന്നു. ഒപ്പം വലിയ സ്ഫോടനവുമുണ്ടായി. നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
പുനലൂർ, കടയ്ക്കൽ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഹരിത കർമ്മ സേനശേഖരിച്ചു കൂട്ടിയിരുന്ന വൻതോതിലുള്ള മാലിന്യം പൂർണ്ണമായും കത്തിനശിച്ചു. കടമുറികളുടെ ഷട്ടറുകൾ തീയിൽ വെന്തുരുകി, അകത്തുണ്ടായിരുന്ന സാധനങ്ങളും നശിച്ചു. കടകൾക്ക് മുന്നിലും മറ്റ് ഭാഗങ്ങളിലും സൂക്ഷിച്ചു വച്ചിരുന്ന കച്ചവട സാധനങ്ങളെല്ലാം കത്തി നശിച്ചു. അമ്പതോളം കച്ചവടക്കാരുടെ കച്ചവട സാധനങ്ങളാണ് കത്തിനശിച്ചത്.
ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യം ഇവിടെ കൂട്ടിയാണ് തരംതിരിച്ച് കയറ്റി വിട്ടു കൊണ്ടിരുന്നത്. എന്നാൽ മാസങ്ങളായി മാലിന്യനീക്കം നിലച്ചതോടെ മാലിന്യക്കെട്ടുകൾ സൂക്ഷിക്കാൻ ചന്തയിൽ സ്ഥലം തികയാതെ വന്നിരുന്നു. ഇതോടെ കോൺക്രീറ്റ് കടമുറികളുടെ മുകളിലും മാലിന്യം സൂക്ഷിച്ചിരുന്നു. ഈ മാലിന്യമുൾപ്പെടെയാണ് കത്തിയത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴിയുടെയടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു.
ചിത്രം: അഞ്ചൽ ചന്തയിലുണ്ടായ തീപിടുത്തത്തിൽ കത്തിയമർന്ന മാലിന്യശേഖരം (KE ACL -1)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.