അഞ്ചൽ ചന്തയിൽ മാലിന്യച്ചാക്കുകൾ കുന്നുകൂടി; പ്രതിഷേധവുമായി കച്ചവടക്കാർ
text_fieldsഅഞ്ചൽ: അഞ്ചൽ ചന്തയിൽ ഹരിത കർമസേന ശേഖരിച്ചുകൊണ്ടിടുന്ന മാലിന്യം നിറച്ച ചാക്കുകെട്ടുകൾ കുന്നുകൂടി. ഇതുമൂലം വർഷങ്ങളായി ഇവിടെ കച്ചവടം നടത്തിവരുന്നവർ ദുരിതത്തിലായി.
ബുധൻ, ശനി ദിവസങ്ങളാണ് ചന്ത ദിവസങ്ങളെങ്കിലും എല്ലാ ദിവസവും ഇവിടെ വ്യാപാരം നടക്കുന്നുണ്ട്. പുലർച്ചെയെത്തുന്ന വ്യാപാരികൾ രാത്രി വൈകുവോളം ഇവിടെത്തന്നെയാണ് ചെലവഴിക്കുന്നതും ഭക്ഷണം കഴിക്കുന്നതും. മാലിന്യം വർധിച്ചതോടെ ദുർഗന്ധവും ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടേയും ശല്യവും കൂടി.
വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിലെ മുറികൾ വാടകക്കെടുത്തവർക്ക് ഷട്ടർ തുറക്കാൻ പറ്റാത്തവിധത്തിലാണ് മാലിന്യച്ചാക്കുകൾ തള്ളിയിരിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് മൊത്തമായി ശേഖരിക്കുന്നത്.
15 ദിവസം കൂടുമ്പോൾ മാലിന്യം ഇവിടെ നിന്നും നീക്കംചെയ്യുമെന്നാണ് പഞ്ചായത്തധികൃതർ വ്യാപാരികളോട് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ആദ്യകാലത്ത് രണ്ട് തവണ മാത്രമാണ് ഇത്തരത്തിൽ മാലിന്യം നീക്കം നടന്നിരുന്നതെന്നും പിന്നീട് നിലച്ചെന്നും അതിനാൽ ചാക്കുകെട്ടുകൾ കുന്നുകൂടുകയാണെന്നും ചെറുകിട കച്ചവടക്കാരും നാട്ടുകാരും പറയുന്നു.
എത്രയും പെട്ടെന്ന് ഇവിടെ കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്തധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.