അഞ്ചലിൽ ചപ്പുചവറുകൾക്ക് വീണ്ടും തീപിടിച്ചു
text_fieldsഅഞ്ചൽ: അഞ്ചലിൽ തുടർച്ചയായി ചപ്പുചവറുകൾക്ക് തീപിടിക്കുന്നതിൽ നാട്ടുകാർക്ക് ആശങ്ക. അഞ്ചൽ ചന്തമുക്കിൽ പഴയ പൊലീസ് സ്റ്റേഷൻ വളപ്പിൽ കൂടിക്കിടന്ന ചപ്പുചവറുകളാണ് ശനിയാഴ്ച പുലർച്ചെ ആറരയോടെ കത്തിയത്. തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാരെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പുനലൂരിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
ഏതാനും മാസം മുമ്പ് തൊട്ടടുത്തുള്ള ചന്തയിലെ കെട്ടിടത്തിൽ ഹരിതകർമ സേന സൂക്ഷിച്ചിരുന്ന ചപ്പുചവറുകൾക്ക് തീപിടിച്ചിരുന്നു. ഇതുമൂലം ചന്തയിലെ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും പഞ്ചായത്തുവക വ്യാപാര സമുച്ചയം കത്തിനശിക്കുകയും ചെയ്തു. ശനിയാഴ്ച തീ കത്തിയ സ്ഥലത്താണ് പരിസരത്തെ മാലിന്യം വലിച്ചെറിയുന്നത്.
നേരത്തേയും ഇവിടെ പലപ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ട്. പലതവണ പഞ്ചായത്തധികൃതരെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചെങ്കിലും നടപടിയെടുത്തില്ല. ഇവിടെയുണ്ടാകുന്ന തീപിടിത്തം സമീപത്തെ ഹെഡ് പോസ്റ്റ് ഓഫിസ്, നിരവധി വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ മുതലായവക്ക് ഭീഷണിയാണ്. പഞ്ചായത്തധികൃതരുടെ മൗനാനുവാദത്തോടെ ആരോ ഇവിടെ തീയിടുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.